എഡിറ്റര്‍
എഡിറ്റര്‍
തന്ത്രി അറിയാതെ ശബരിമലയില്‍ ദേവപ്രശ്‌നം
എഡിറ്റര്‍
Wednesday 4th April 2012 3:26pm

ശബരിമല: തന്ത്രിയുടെ അനുമതിയില്ലാതെ ശബരിമലയില്‍ ദേവപ്രശ്‌നം. ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥര്‍ മുന്‍കൈയ്യെടുത്താണ് ദേവപ്രശ്‌നം നടത്തിയത്. പ്രശ്‌നം നടത്താനുള്ള നീക്കം അറിഞ്ഞിട്ടില്ലെന്ന് ബോര്‍ഡ് അംഗം സിസിലിയും കെ.വി പത്മനാഭനും വ്യക്തമാക്കി. ബോര്‍ഡ് പ്രസിഡന്റിന് ദേവപ്രശ്‌നത്തെ കുറിച്ച് അറിവുണ്ടെന്ന് തോന്നുന്നില്ലെന്നും പത്മനാഭന്‍ പറഞ്ഞു.

ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി അവസാനിക്കാന്‍ രണ്ട് മാസം മാത്രമെ ബാക്കിയുളളൂ. ഈ അവസരത്തിലാണ് ഇരിങ്ങാലക്കുട പത്മനാഭ ശര്‍മയുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവപ്രശ്‌നം നടത്തിയത്. അന്നദാന മണ്ഡപം കെട്ടുന്നതില്‍ ദൈവഹിതം അറിയാനാണ് ദേവപ്രശ്‌നമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.

സാധാരണ ഗതിയില്‍ ദേവപ്രശ്‌നത്തിന് തന്ത്രിയുടെ അനുമതി വേണം. അനുവാദം ആവശ്യപ്പെട്ട് ബോര്‍ഡ് തന്ത്രിയെ സമീപിച്ചപ്പോള്‍, ഇപ്പോള്‍ ദേവപ്രശ്‌നം നടത്തേണ്ട സാഹചര്യമില്ലെന്നും വിപുലമായ കൂടിയാലോചനകള്‍ ഇല്ലാതെ ഇതിനു അനുവാദം നല്‍കാനാകില്ലെന്നുമായിരുന്നു തന്ത്രിയുടെ മറുപടി. ഇതേത്തുടര്‍ന്ന് സ്വന്തം നിലയില്‍ ദേവപ്രശ്‌നം നടത്താന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

അതേസമയം, തന്ത്രിയുടെ അനുമതിയില്ലാതെ ശബരിമലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ദേവപ്രശ്‌നം നടത്താനുള്ള ദേവസ്വം ബോര്‍ഡിലെ ചിലരുടെ താല്‍പര്യം ലാഭേച്ഛയോടെയുള്ളതാണെന്ന് തന്ത്രി കണ്ഠരര് മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഇശ്വര്‍. രണ്ടോ മൂന്നു മാസത്തിനുള്ളില്‍ അധികാരത്തില്‍ നിന്ന് ഇറങ്ങിനിരിക്കുന്ന ചിലര്‍ കാലാവധി നീട്ടിയെടുക്കാനും പണം തട്ടാനും നടത്തുന്ന നീക്കം മാത്രമാണിതെന്നും രാഹുല്‍ പറഞ്ഞു. മുന്‍പ് ദേവപ്രശ്‌നം നടത്തി അയ്യപ്പന് റോപ്‌വേ വേണമെന്ന് പറഞ്ഞതുപോലെ, ചില വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്ന് നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് പണം തട്ടുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം ആരോപിച്ചു.

Malayalam News

Kerala News in English

Advertisement