Administrator
Administrator
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദേവപ്രശ്‌നം തുടങ്ങി
Administrator
Monday 8th August 2011 11:09am

p-templeതിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളുടെ പരിശോധനയുമായി ബന്ധപ്പെട്ട ദേവപ്രശ്‌നം തുടങ്ങി. കണക്കെടുപ്പിന് ദേവഹിതം ഉണ്ടോയെന്ന് അറിയുന്നതിനും തുടര്‍ന്ന് നടക്കുന്ന പരിശോധനകള്‍ക്ക് സമിതി ആവശ്യപ്പെട്ട ക്രമീകരണങ്ങള്‍ ആരായുന്നതിനുമായാണ് ദേവപ്രശ്‌നം നടത്തുന്നത്.

ഇന്ന് രാവിലെ 8.30 ന് ആരംഭിച്ച ദേവപ്രശ്‌നം ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ധനശേഖരത്തിന്റെ മൂല്യം നിര്‍ണയിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച സമിതി അധ്യക്ഷന്‍ സി.വി. ആനന്ദബോസും സംഘവും ആഗസ്റ്റ് പത്തിന് ക്ഷേത്രത്തില്‍ എത്തുന്നതിന് മുമ്പ് ദേവപ്രശ്‌നം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ‘എ’ നിലവറയില്‍ ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ ശ്രീപത്മനാഭന് അപ്രീതിയുണ്ടോ എന്നതാണ് ദേവപ്രശ്‌നത്തിലൂടെ പ്രധാനമായും പരിശോധിക്കുക. ‘ബി’ നിലവറ ഉള്‍പ്പെടെ വീണ്ടും തുറന്നുപരിശോധിക്കുന്നതിനാല്‍ ദേവപ്രശ്‌നം നടത്തണമെന്ന് തിരുവിതാംകൂര്‍ രാജകുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അന്തിമതീരുമാനം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ സാന്നിധ്യത്തിലാണ് എടുത്തത്.

സുപ്രീംകോടതി നിയോഗിച്ച സമിതി പരിശോധനക്ക് കഴിഞ്ഞയാഴ്ച എത്തിയപ്പോള്‍ ദേവപ്രശ്‌നത്തിനുശേഷം മാത്രമേ പരിശോധന അനുവദിക്കൂവെന്ന് കാട്ടി നിരവധി ഹിന്ദുസംഘടനകള്‍ സമിതി അധ്യക്ഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രാഥമിക പരിശോധന മാത്രം നടത്തിയ സംഘം മൂല്യനിര്‍ണയത്തിന് സൗകര്യങ്ങള്‍ ഒരുക്കിത്തരണമെന്ന് ക്ഷേത്രം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക കര്‍മപദ്ധതി തയാറാക്കിയശേഷം ആഗസ്റ്റ് 10 ന് പരിശോധനകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് സമിതി.

Advertisement