പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ കണക്കെടുക്കുന്നത് സംബന്ധിച്ച് കേരളത്തില്‍ ഏറെ വാദ കോലാഹലങ്ങള്‍ നടക്കുകയാണ്. സ്വത്തുക്കള്‍ ജനങ്ങളില്‍ നിന്ന് അന്നത്തെ രാജാക്കന്‍മാര്‍ പിരിച്ചെടുത്തതാണെന്നും അതിനാല്‍ ജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും അതല്ല, സ്വത്ത്  ക്ഷേത്രത്തിന്റേതാണെന്നും ക്ഷേത്രാവശ്യങ്ങള്‍ക്ക് മാത്രമായേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും വാദങ്ങളുണ്ടായി.

എന്നാല്‍ ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന് കണക്കെടുപ്പ് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രാജകുടുംബം ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ്. ഇതിനിടെ ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്‌നവും വിവാദമായി. നിലവറ തുറക്കുന്നത് രാജ്യത്തിന് തന്നെ അപകടമാകുമെന്നാണ് ദേവപ്രശ്‌നം നടത്തിയ ആചാര്യന്‍മാര്‍ അറിയിച്ചത്. ജനാധിപത്യ രാജ്യത്ത് ദേവപ്രശ്‌നം വഴി കോടതിയെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്  അച്യുതാനന്ദന്‍ ആരോപണമുന്നയിച്ചു കഴിഞ്ഞു.

ക്ഷേത്രത്തില്‍ നിന്ന് മാര്‍ത്താണ്ഡവര്‍മ്മ രാജാവ് സ്വര്‍ണ്ണം കടത്തുന്നതായി ചില പരാതികള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും വി.എസ് ഇന്ന് വ്യക്തമാക്കുകയുണ്ടായി. വിഷയത്തില്‍ മാധ്യമങ്ങളെടുക്കുന്ന സമീപനത്തെയും അദ്ദേഹം വിമര്‍ശിച്ചു. നിധിശേഖരവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസ പ്രചാരണവും നാടുവാഴിത്ത പ്രീണനവുമാണ് നടക്കുന്നതെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് കാലത്തിന് ചേര്‍ന്നതല്ലെന്നും വി.എസ് വ്യക്തമാക്കിയിരിക്കയാണ്. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമാണ്. ദേവപ്രശ്‌നം രാജാധികാരത്തിന്റെ തിരിച്ചുവരവോ?

ഡോ.എം.എസ് ജയപ്രകാശ്, കോളമിസ്റ്റ്

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സ്വന്തമാക്കാനുള്ള നീക്കമാണ് രാജകുടുംബം നടത്തുന്നത്. എന്നെങ്കിലും രാജാധികാരം തിരിച്ചുവരുമെന്ന പ്രതീക്ഷ രാജകുടുംബത്തിന് ഇപ്പോഴുമുണ്ട്.  സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലും റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിലും പങ്കെടുക്കാറില്ല. തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാന്‍ പോകാറില്ല. അതായത് നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ രാജാധികാരം തിരിച്ചുകിട്ടുമെന്ന വിശ്വാസം ഇവര്‍ക്കുണ്ടായിരുന്നു എന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ നിധി അവരുടേതാക്കാനുള്ള കഠിന ശ്രമം രാജകുടുംബത്തിന്റെ ഭാഗത്തുനിന്നുണ്ട്.

ഇക്കാര്യം സംബന്ധിച്ച വി.എസ് അച്യുതാനന്ദന്റെ വിലയിരുത്തലുകള്‍ പൂര്‍ണമായും ശരിയാണ്. പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിയുടെ കണക്കെടുക്കണമെന്ന് പരാതി നല്‍കിയ സുന്ദരരാജ് കാലങ്ങളായി ക്ഷേത്രത്തിനോട് ഇഴുകി ചേര്‍ന്ന് ജീവിക്കുന്നയാളാണ്. ക്ഷേത്രത്തില്‍ നടക്കുന്നത് എന്താണെന്നുള്ള കൃത്യമായ ബോധ്യം അയാള്‍ക്കുണ്ട്. അല്ലാതെ വെറുതെ ഇങ്ങനെയൊരു കേസ് കൊടുക്കാന്‍ ആരും തയ്യാറാവില്ലല്ലോ.

വി.എസ് ഇന്ന് പറഞ്ഞതുപോലെ രാജാവ് ദിവസവും ക്ഷേത്രം സന്ദര്‍ശിക്കുന്നു. അവിടെ നിന്നും തിരിച്ചുപോകുമ്പോള്‍ ഒരു പാത്രത്തില്‍ പായസം കൊണ്ടുവരുന്നു. പായസമല്ല ക്ഷേത്രത്തിലുള്ള സ്വര്‍ണമാണ് രാജാവ് കൊണ്ടുവരുന്നത് എന്ന പ്രചരണം കുറച്ചുകാലം മുമ്പ് തിരുവനന്തപുരത്ത് നിലനിന്നിരുന്നു . ക്ഷേത്രത്തിലെ പല ജീവനക്കാരും ചില ഭക്തന്‍മാരും മുമ്പും ഈ ആരോപണമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യം വെളിപ്പെടുത്തിയ ശാന്തിക്കാരനെ രാജാവ് വധിക്കാന്‍ ശ്രമിച്ചു എന്നും പറയുന്നുണ്ട്.

രാജാവും കൂട്ടരും പല തവണ ക്ഷേത്രത്തിലെ അറകള്‍ തുറന്നുപരിശോധിച്ചിട്ടുണ്ട്. 2007ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതിയില്‍ ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നും ഇത് വ്യക്തമാണ്. 2002 ഡിസംബറില്‍ നിലവറ തുറന്നിരുന്നെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. നിലവറ തുറന്ന് സ്വര്‍ണം എടുത്തു. ക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപത്തില്‍ സ്വര്‍ണം പൂശിയെന്നും പറയുന്നു. എത്ര സ്വര്‍ണമാണ് എടുത്തതെന്നോ, എത്ര സ്വര്‍ണം ഉപയോഗിച്ചെന്നോ വ്യക്തമല്ല. പിന്നെ ക്ഷേത്രത്തിലെ നിധിയുടെ കണക്കെടുത്തെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

2001 ഡിസംബറില്‍ 18 അടി നീളമുള്ള വിഗ്രഹം പരിശോധിച്ചിരുന്നു. മുഴുവനായും സ്വര്‍ണത്തില്‍ നിര്‍മ്മിച്ച വിഗ്രഹത്തിലെ അഴുക്കുകള്‍ കളയാനായിരുന്നു ഇത്. ഈ വിഗ്രഹത്തില്‍ മുഴുവനും സ്വര്‍ണതകിട് പതിച്ചിട്ടുണ്ട്. അപ്പോഴൊന്നും ദൈവകോപം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ പറയുന്ന ഈ ദൈവകോപം ജനത്തെ പറ്റിക്കാനുള്ള തന്ത്രമാണ്.

രാജകുടുംബത്തിലെ അംഗമായ ലക്ഷ്മി ഭായ് ഒരു പുസ്തകം എഴുതിയിരുന്നു. ആ പുസ്തകത്തില്‍ ക്ഷേത്രത്തിലെ അറകള്‍, അവയ്ക്കുള്ളിലെ സ്വര്‍ണാഭരങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ പരാമര്‍ശിച്ചിരുന്നു. അതൊന്നും കാണാതെ പുസ്തകത്തില്‍ എഴുതാന്‍ കഴിയില്ലല്ലോ.

2001 ജനുവരി 31ന് വന്ന ഹൈക്കോടതി വിധിയില്‍ പറയുന്നത് ‘ ഞങ്ങള്‍ പുസ്തകം നോക്കിയതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിലുള്ള സ്വത്തുക്കള്‍ പരിശോധിച്ചിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്’ എന്നാണ്. പുസ്തകത്തില്‍ പരാമര്‍ശിച്ചത് കൂടാതെ  വേറെന്തൊക്കെയാണ് അറകളിലുള്ളതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതിയുടെ ഈ നിര്‍ദേശത്തോട്‌ രാജകുടുംബം പ്രതികരിച്ചില്ല. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് പുറം ലോകത്തിന്റെ കണ്ണില്‍ നിന്നും ഈ നിധി ഒളിപ്പിക്കാനുള്ള ശ്രമമാണ് രാജാവ് നടത്തിയതെന്നാണ്.

അഡ്വ.ജയശങ്കര്‍, മാധ്യമ നിരൂപകന്‍

ഇത് വിശ്വാസവുമായി കൂടിക്കുഴഞ്ഞു കിടക്കുന്ന പ്രശ്‌നമാണ്. അതേസമയം സംശയാസ്പദവുമാണ്. ദേവപ്രശ്‌നം വെയ്ക്കുന്നത് ഇത്ര ചര്‍ച്ചാ വിഷയമാകേണ്ട കാര്യമില്ല. ക്ഷേത്രത്തെയും അതിന്റെ നടത്തിപ്പിനെയും സംബന്ധിച്ചിടത്തോളം ദേവപ്രശ്‌നം എന്നത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്. ക്ഷേത്രത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ ദേവപ്രശ്‌നം നടത്താറുണ്ട്. പ്രഗല്‍ഭരായ ജോത്സ്യര്‍ക്കാണ് ഇതിനുള്ള അര്‍ഹത. ക്ഷേത്രവുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിനും ദേവഹിതമറിയുക എന്നത് സാധാരണ കാര്യമാണ്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ഇവര്‍ പറയുന്നതാണ് അതിന്റെ യാഥാര്‍ത്ഥ്യം. എന്നാല്‍ ചിലപ്പോഴെങ്കിലും ഇവര്‍ മറ്റു ശക്തികള്‍ക്ക് വിധേയരാകാറുണ്ട്. പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ ഇതിന് ഉദാഹരണമാണ്. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ണികൃഷ്ണപ്പണിക്കര്‍ ശബരിമലയില്‍ ദേവപ്രശ്‌നം നടത്തിയത് വിവാദമായിരുന്നു.

ക്ഷേത്രത്തിലെ ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നു. ഇവരുടെ സംശയം ന്യായവുമാണ്. സ്വത്തിന്റെ പാതി തിട്ടപ്പെടുത്തിയ സാഹചര്യത്തില്‍ തിടുക്കത്തില്‍ ദേവപ്രശ്‌നം നടത്തേണ്ടതിന്റെ ആവശ്യകതയെന്താണെന്ന് ജനങ്ങള്‍ക്ക് സ്വാഭാവികമായും സംശയമുണ്ടാകാം. ദേവപ്രശ്‌നത്തില്‍ ജോത്സ്യര്‍ കണ്ടെത്തിയ വിവരങ്ങളും സംശയമുളവാക്കുന്നതാണ്. എനിക്കുള്‍പ്പടെ ഈ സംശയമുണ്ട്. മാത്രമല്ല, ദേവപ്രശ്‌നം നടത്തി തീര്‍പ്പാക്കേണ്ട ഒന്നല്ല ക്ഷേത്രത്തിലെ സ്വത്തുവിവരം. ഈ സ്വത്തിന് ക്ഷേത്രത്തിന്റെ ആചാരവുമായോ വിശ്വാസമായോ യാതൊരു ബന്ധവുമില്ല. വളരെക്കാലമായി നിധിയായി സൂക്ഷിക്കപ്പെടുന്നവയാണ് നിലവറയ്ക്കുള്ളിലുള്ളത്. രാജഭരണം അവസാനിച്ച സാഹചര്യത്തില്‍ അതിനുള്ള അവകാശം സര്‍ക്കാരിനാണ്.

ദേവപ്രശ്‌നം നടത്തിയ സമയം, സന്ദര്‍ഭം, ആവശ്യം എന്നിവയാണ് സംശയത്തിനിട വരുത്തുന്നത്. ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ് ദേവപ്രശ്‌നത്തിന്റെ വിധി. എല്ലാംകൂടി കൂട്ടിയോജിപ്പിക്കുമ്പോള്‍ വി എസിന്റെ അഭിപ്രായത്തോട് യോജിക്കാനേ സാധിക്കുകയുള്ളു. വി.എസ് മാത്രമേ ഇതിനെക്കുറിച്ച് തുറന്നൊരഭിപ്രായം പറയുകയുള്ളു. രാഷ്ട്രീയ പാര്‍ട്ടികളോ മാധ്യമങ്ങളോ സാമുദായിക സംഘടനകളോ ഈ സംഭവത്തെക്കുറിച്ച് അഭിപ്രായപ്രകടനമൊന്നും നടത്തിയിട്ടില്ല. പിന്നെ അഭിപ്രായം പറഞ്ഞത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. വിശ്വാസം സംരക്ഷിക്കും എന്നാണദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് അഭിപ്രായ പ്രകടനത്തിന് പരിമിതികളുണ്ട്. മാത്രമല്ല അദ്ദേഹം ഒരു അഹിന്ദു കൂടിയാണ്. മാധ്യമങ്ങള്‍ക്കും ഇതില്‍ പങ്കില്ലെന്നല്ല. മാധ്യമങ്ങള്‍ അന്ധവിശ്വാസത്തെ പല രീതിയില്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.

ചേറായി രാം ദാസ്, എഴുത്തുകാരന്‍

ദേവപ്രശ്‌നം നടത്തി നിലവറ തുറക്കരുതെന്ന് രാജ കുടുംബം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഭക്തിയുടെ പേരില്‍ നടത്തുന്ന മുതലെടുപ്പുകളാണിതെല്ലാം. നിലവറ തുറന്നാല്‍ നാശം സംഭവിക്കുമെന്നെല്ലാമുള്ള പ്രചരണങ്ങള്‍ ദുര്‍ബല മനസ്‌കര്‍ക്കിടയില്‍ മാത്രമെ വിലപ്പോവുകയുള്ളൂ. നേരത്തെ ഈ നിലവറ ഇവര്‍ തുറന്നിരുന്നു എന്ന വസ്തുത തെളിവ് സഹിതം പുറത്ത് വന്നതോടെയാണ് ദേവപ്രശ്‌നം എന്ന പുതിയ തന്ത്രവുമായി ഇവര്‍ രംഗത്ത് വന്നത്. ഭക്തിയുടെ പേരില്‍ നടത്തുന്ന ഈ പ്രചരണങ്ങള്‍ക്ക ഇവര്‍ കൂട്ടു പിടിക്കുന്നത് സംഘ്പരിവാര്‍ ശക്തികളെയാണ്.

പഴയ കാലത്തെ രാജവാഴ്ചയിലെ ക്രൂരതകളുടെ കാഠിന്യം പുതിയ തലമുറക്ക് ചിലപ്പോള്‍ ഗൗരവത്തോടെ ഉള്‍ക്കൊള്ളാനാവില്ല. പക്ഷേ, ഈ പ്രശ്‌നം പുതു തലമുറക്ക് ഒരു പാഠമായി മാറുകയാണ്. രാജകുടുംബത്തിന്റെ ഇന്നത്തെ നീക്കങ്ങളും  നിര്‍ബന്ധ ബുദ്ധിയും കണ്ടാല്‍ അന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നു എന്ന പുതുതലമുറക്ക് വ്യക്തമായി മനസ്സിലാക്കാനാകും എന്ന ആഹ്ലാദമുണ്ടെനിക്ക്. വി. എസ്സ്. അച്യുതാന്ദന്‍ ആ കാലഘട്ടത്തിന്റെ പ്രതിനിധിയാണ്, അദ്ദേഹം അതിന്റെ എല്ലാവിധ ക്രൂരതകളും അനുഭവിച്ചിട്ടും മനസ്സിലാക്കിയിട്ടുമുള്ള ആളാണ്. അത് കൊണ്ടാണ്് ഇതിനെതിരെ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കിനിത്ര ക്രൗര്യം.

തങ്ങളുടെ കൊള്ളകള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ അന്ന് ഇവര്‍ ക്രൂരമായി തങ്ങളുടെ പിണിയാളുകളെ വെച്ച് അടിച്ചമര്‍ത്തി. ഈ പുതിയ കാലത്ത് അവര്‍ കൂട്ടു പിടിച്ചിരിക്കുന്നത് അധോലോകത്തെയാണ്. സുന്ദരരാജന്‍ വക്കീലിനെ ഇവര്‍ നേരിട്ടത് കണ്ടാല്‍ തന്നെ മനസ്സിലാക്കാനാകും ഇവര്‍ക്ക് അധോലോകത്തിന്റെ വ്യക്തമായ പിന്തുണയുണ്ടെന്ന്.

രാജകുടുംബങ്ങളും ബ്രിട്ടീഷുകാരും ഒരേ പോലെയാണ് ഈ നാടിനെ കൊള്ളയടിച്ചത്. രാജവാഴ്ച അവസാനിച്ചിട്ടും എഴുപതുകളും എണ്‍പതുകളും വരെ പൊതുജനങ്ങള്‍ക്ക് ഈ ക്ഷേത്രത്തിലേക്ക് അടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് മൊത്തമായും അവരുടെ കൈയ്യിലായിരുന്നു. അതിന് ചുറ്റു വശത്തുമുള്ള എത്രയോ വസ്തുവകകള്‍ അവര്‍ വിറ്റു തുലച്ചു. എണ്‍പതുകളില്‍ വലിയ വിവാദമായിരുന്നു ഇത്. കഴിഞ്ഞ പത്തു വര്‍ഷത്തെ വില്‍പനയും മറ്റു കൊള്ളകളും പുറത്തു വന്നിട്ടില്ലെന്നു മാത്രം.

കെ.സി ഉമേഷ് ബാബു, ഇടതു രാഷ്ട്രീയ നിരീക്ഷന്‍

ഇത് രാജകുടുംബത്തിന്റെ തന്ത്രമാണെന്ന കാര്യത്തില്‍ സംശയമില്ല. ദേവപ്രശ്‌നം നടത്തിയതിനു തന്നെ ഈ തന്ത്രത്തിന്റെ ഭാഗമാണ്.

രാജാവ് പായസം എന്ന വ്യാജേന സ്വര്‍ണം കടത്തി എന്നുള്ള ആക്ഷേപങ്ങള്‍ ശരിയാവാനാണ് സാധ്യത. അതുകൊണ്ടാവണം ബി നിലവറ തുറക്കരുത് എന്ന് പറയുന്നത്. ബി നിലവറ തുറന്നാല്‍ ഇവരുടെ രഹസ്യങ്ങളൊക്കെ പുറത്താകുമല്ലോ. ബി നിലവറ രാജാവ് ഇടയ്ക്കിടെ തുറക്കുകയും അതിലെ സാധനങ്ങള്‍ ഉപയോഗിക്കുകയും ചെയ്തതാണ്.

നിലവറയിലെ സ്വത്തുക്കളുടെ കണക്കെടുത്താല്‍ അത് പുറം ലോകം അറിയുന്നത് രാജാവ് ഭയക്കുന്നു. അതിനാലാണ് അവര്‍ ബി നിലവറ തുറക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

രാജകുടുംബാംഗങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്താണ് ജീവിച്ചത്. ആ സ്വത്താണ് ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. കേരളത്തിലെ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും നോക്കിയാല്‍ തിരുവനന്തപുരത്ത് രാജഭരണമാണെന്നാണ് തോന്നുക. അവരെ പാടി പുകഴ്ത്തുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്.

സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, എഴുത്തുകാരന്‍, പ്രഭാഷകന്‍

ദേവപ്രശ്‌നം ജന്മിത്വ മനോഭാവത്തെ പിന്തുടരുന്നതു കൊണ്ട് തന്നെ അതില്‍ രാജാധിപത്യത്തിന്റെ അംശങ്ങളുണ്ട്.  ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിച്ച് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ മനസ്സില്‍ രാജാധിപത്യത്തിന്റെ അബോധ പൂര്‍വ്വമായ സ്വാധീനം ഉണ്ടാക്കാനുള്ള ശ്രമമാണ് ദേവപ്രശ്‌നം.

രാജകുടുംബം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് സമ്പത്ത് എടുക്കുന്നുവെന്ന വി. എസ്സിന്റെ ആരോപണം സ്ഥിരീകരിക്കാത്തിടത്തോളം കാലം അതിന്‍മേല്‍ അഭിപ്രായം പറയാനാകില്ല. ദേവപ്രശ്‌നത്തിലൂടെ കോടതിയെയും പൊതു സമൂഹത്തെയും ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന ആരോപണം വസ്തുതയാണ്.

kalanathanയു.കലാനാഥന്‍, യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ്

അടിസ്ഥാനപരമായി പറയുകയാണെങ്കില്‍ ക്ഷേത്രത്തില്‍ നടത്തിയ ദേവപ്രശ്‌നം ദുരുദ്ദേശ്യത്തോടെയാണ്. ഇതുവരെയായി 92000 കോടി രൂപയുടെ സ്വത്ത് കണ്ടെത്തി എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പുതിയ നിലവറ തുറന്നാല്‍ ഒരു പക്ഷേ കണ്ടു കിട്ടിയ അത്രയും അല്ലെങ്കില്‍ അതിലും കൂടുതല്‍ ഉണ്ടാകും. ഇത് ജനശ്രദ്ധയില്‍പെടും. സുപ്രീംകോടതിയില്‍ ഈ സ്വത്തുവിവരം റെക്കോര്‍ഡ് ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ ആ സ്വത്തില്‍നിന്ന് ഒരംശവും പില്‍ക്കാലത്ത് ആര്‍ക്കും കിട്ടാതെ വരും. അത് ഉറപ്പായിട്ടാണ് മുഴുവന്‍ നിലവറകളും തുറക്കണമെന്ന സുപ്രീം കോടതിയുടെ വിധിയെ മറികടന്ന് രാജകുടുംബം ദേവപ്രശ്‌നം നടത്തിയത്.

ശാസ്ത്രബോധമില്ലാത്ത അന്ധവിശ്വാസികളായ ജോത്സ്യന്‍മാര്‍ നടത്തുന്ന തട്ടിപ്പുവിദ്യയാണ് ദേവപ്രശ്‌നം. ദൈവത്തിന്റെ ഇംഗിതമറിയാനാണ് ദേവപ്രശ്‌നം നടത്തുന്നത് എന്നാണ് ഇവരുടെ വാദം. എന്നാല്‍ ഏതു ദൈവത്തിന്റെ ഏതു ഇംഗിതമാണ് ഇവര്‍ പറയാന്‍ പോകുന്നത്. പല പേരിലും പല ജാതിയിലുമായി നിരവധി ദൈവങ്ങള്‍ ലോകത്തുണ്ട്. ഇതില്‍ ഏതു ദൈവത്തിന്റെ ഇംഗിതമാണ് പറഞ്ഞതെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, രാശിചക്രത്തില്‍നോക്കി ദൈവത്തിന്റെ ഇംഗിതം പറയുക എന്നത് ശുദ്ധ അസംബന്ധമാണ്. ദൈവത്തിന്റേതെന്നു ധരിപ്പിച്ച് ഇവര്‍ പറയുന്ന തീരുമാനങ്ങള്‍ സത്യത്തില്‍ ദൈവത്തിന്റേതല്ല. രാജാക്കന്‍മാരടക്കമുള്ളവര്‍ മുന്‍കൂട്ടി തീരുമാനിച്ചുവെച്ച ചില തീരുമാനങ്ങള്‍ ജോത്സ്യരെക്കൊണ്ട് പറയിക്കുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബവും ജോത്സ്യന്‍മാരും ചേര്‍ന്ന് നടത്തിയ ദേവപ്രശ്‌നം നിയമവിരുദ്ധമാണ്. സുപ്രീംകോടതിയുടെ വിധിയെ അട്ടിമറിച്ചുകൊണ്ട് ദേവപ്രശ്‌നം നടത്തിയ ഇവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയാണ് വേണ്ടത്. ദേവപ്രശ്‌നം നടത്തിയത് ദുരുദ്ദേശ്യപരമാണെന്ന് ഞാന്‍ പറയാന്‍ കാരണവും അതാണ്. ഈയൊരു സാഹചര്യത്തിലാണ് വി.എസ് ഈ സംഭവത്തില്‍ പരസ്യപ്രസ്താവനയുമായി രംഗത്തെത്തുന്നത്.

അമ്പലത്തില്‍നിന്നുമുള്ള നിവേദ്യങ്ങളാണെന്ന പേരില്‍ രാജകുടുംബങ്ങള്‍ ക്ഷേത്രത്തില്‍നിന്ന് സ്വത്ത് കടത്തുന്നു എന്നാണ് വി.എസ് പറഞ്ഞത്. വി എസ് കള്ളം പറയുമെന്ന് ഞാന്‍ കരുതുന്നില്ല. രാഷ്ട്രീയത്തില്‍ സത്യസന്ധത പാലിക്കുന്ന ഒരു വ്യക്തിയാണദ്ദേഹം. വി.എസ് പറഞ്ഞ പ്രകാരം ക്ഷേത്രഭരണസമിതിയിലുള്ള രാജകുടുംബാംഗങ്ങള്‍ നിരന്തരമായ കളവ് നടത്തുന്നുണ്ട്. സമിതിയിലുള്ള എല്ലാവരും കള്ളന്‍മാരാണ്. സബ് കോടതി മുതല്‍ സുപ്രീംകോടതി വരെ പറഞ്ഞ കാര്യമാണ് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് സമിതി അംഗമായി തുടരാന്‍ അര്‍ഹതയില്ലെന്ന കാര്യം. മാര്‍ത്താണ്ഡവര്‍മ്മയെ ക്ഷേത്രസമിതിയില്‍നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കണം. കൂടാതെ ക്ഷേത്രത്തിന് ഏകദേശം 10 ഏക്കറോളം സ്ഥലമുണ്ട്. ഒരുപാട് കെട്ടിടങ്ങളും ഭൂമിയുമുണ്ടെന്നിരിക്കെ ഇവിടെ അനധികൃത കൈയ്യേറ്റങ്ങളുമുണ്ട്. ഇവിടെ ഭൂമി കൈയേറി താമസിക്കുന്നവരെ ഒഴിവാക്കണം. ഇല്ലെങ്കില്‍ ക്ഷേത്രത്തില്‍ തട്ടിപ്പു നടത്താന്‍ ഇവര്‍ക്കും സാഹചര്യമുണ്ടാകും.

കണക്കെടുപ്പ് തീരുന്നതുവരെ അത്യാവശ്യക്കാരെ മാത്രമല്ലാതെ ആരെയും ക്ഷേത്രത്തിനകത്തേക്ക് കടത്തിവിടാന്‍ പാടില്ല. ഇവരില്‍ രാജകുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്താന്‍ പാടില്ല. പ്രാര്‍ത്ഥനക്കെത്തുന്നവര്‍ക്ക് സമയപരിധി നിശ്ചയിക്കണം. രാജകുടുംബാംഗങ്ങളുടെ വീടുകളില്‍ അടിയന്തിരമായി റെയ്ഡ് നടത്താനുള്ള സംവിധാനമുണ്ടാകണം. കാണാതായ സ്വത്തുക്കള്‍ കണ്ടുകിട്ടാന്‍ ഈ റെയ്ഡ് സഹായിക്കും. ക്ഷേത്രത്തിലെ സ്വത്ത് കടത്തുക എന്നത് അഴിമതി മാത്രമല്ല, അധര്‍മ്മവും ദൈവവഞ്ചനയുമാണ്. ഇതില്‍നിന്നും മനസ്സിലാക്കാം ഇവരുടെ വിശ്വാസം കപടമാണെന്ന്.

വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെയും കുറ്റം പറയാന്‍ പറ്റില്ല. അവരിതിനെ ഇതിനെ നന്നായി പിന്തുണക്കുന്നുണ്ട്. ഇത് മാധ്യമപാരമ്പര്യത്തിന്റെ രോഗമാണ്. ബഹുജനങ്ങളുടെ കൂടെയും അവരുടെ വിശ്വാസത്തിന്റെയും കൂടെയാണ് മാധ്യമങ്ങള്‍ നിലകൊള്ളുന്നത്. അവരുടെ പരിമിതികളും ദൗര്‍ബല്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അവരെ സത്യത്തിന്റെ ശത്രുക്കളായി കാണേണ്ട കാര്യമില്ല. അക്കാര്യത്തില്‍ ഒരു മാധ്യമങ്ങള്‍ക്കും വിവേചനവുമില്ല.

രാഹുല്‍ ഈശ്വര്‍, ശബരിമല ദേവസ്വം തന്ത്രി കുടുംബാംഗം

എനിക്ക് പറയാനുള്ളത് മൂന്ന് കാര്യങ്ങളാണ്. ഒന്ന് പത്മനാഭ സ്വാമി ക്ഷേത്രത്തിലുണ്ടെന്ന് പറയുന്ന സ്വത്ത് നിധിയല്ല. നിധി എന്താണെന്ന് നമ്മുടെ ഭരണഘടനയില്‍ കൃത്യമായി പറയുന്നുണ്ട്.

ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ഭക്തര്‍ നല്‍കിയതാണ്. പത്മനാഭന്റെ ദാസന്‍മാരുടെ സ്വത്താണിത്. ഈ പത്മനാഭ ദാസന്‍മാരില്‍ പ്രധാനികള്‍ രാജകുടുംബത്തില്‍പ്പെട്ടവരാണ്. അവര്‍ തന്നെയാണ് ഈ സ്വത്തുക്കളില്‍ ഭൂരിഭാഗവും ക്ഷേത്രത്തിനു നല്‍കിയത്. അവര്‍ക്കിത് മോഷ്ടിക്കേണ്ട ആവശ്യമില്ല.

മൂന്നാമത്തെ കാര്യം എല്ലാ മതങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അവരുടേതായ വിശ്വാസങ്ങളും, ചിട്ടകങ്ങളും, ആചാരങ്ങളുമുണ്ട്. എക്‌സ് എന്ന് പറയുന്ന ഒരു മതത്തിനോ വിഭാഗത്തിനോ വൈ എന്ന മതത്തിന്റെ ആചാരങ്ങളെ കുറ്റപ്പെടുത്താനാവില്ല. ദേവപ്രശ്‌നം ഹിന്ദുമതത്തിലെ വിശ്വാസമാണ്. അതിനെ മറ്റുള്ളവര്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. മറ്റുള്ളവരുടെ അഭിപ്രായത്തേക്കാള്‍ പ്രധാന്യം വിശ്വാസികളുടെ അഭിപ്രായത്തിനാണ്. ഇത് വിശ്വാസികളുടെ പ്രശ്‌നമാണ്. അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ല.

ക്ഷേത്രത്തിലെ നിലവറ മുമ്പും തുറന്നിട്ടുണ്ടെന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു. നിലവറ  തുറക്കുന്നവര്‍ക്ക് ദോഷമുണ്ടാവുമെന്നത് ആലങ്കാരിക പ്രയോഗമാണ്. പുരാണത്തിലെ ഹനുമാനില്ല. ഹനുമാന്‍ കുരങ്ങനാണെന്നാണ് നാം പറയുന്നത്. എന്നാല്‍ ഹനുമാന്‍ വാനരനാണ്. വാനരനെന്നാല്‍ വനത്തിന്റെ ദാസന്‍ എന്നാണര്‍ത്ഥം. അതുപോലെ അയ്യപ്പന്‍ വിഷ്ണുവിന്റെയും ശിവന്റെയും മകനാണെന്ന് പറയാറുണ്ട്.

രണ്ട് ആണുങ്ങള്‍ക്ക് എങ്ങനെയാണ് കുട്ടികളുണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടാവില്ലേ. ശൈവധര്‍മ്മവും, വൈഷ്ണവധര്‍മ്മവും കൂടിച്ചേര്‍ന്നത് എന്നര്‍ത്ഥമേ അതിനുള്ളൂ. പിന്നെ യേശുദേവന്റെ അമ്മ കന്യാമറിയമാണെന്ന് പറയുന്നുണ്ട്. കന്യകയായവര്‍ എങ്ങനെ അമ്മയായി എന്ന് ചോദ്യം ഉയരാം. അത്രയ്ക്ക് പരിശുദ്ധ എന്നര്‍ത്ഥം മാത്രമേ കന്യകയ്ക്ക് ഇവിടെയുള്ളൂ. അപ്പോള്‍ ഞാന്‍ പറഞ്ഞുവരുന്നത് ദേവപ്രശ്‌നത്തില്‍ പറയുന്നത് ആലങ്കാരികമായാണ്. അതിന് ബാഹ്യമായി നമ്മള്‍ കാണുന്ന അര്‍ത്ഥമായിരിക്കണമെന്നില്ല.