തിരുവനന്തപുരം: സമീപകാല സംഭവവികാസങ്ങളില്‍ ഭഗവാന് അതൃപ്തിയുണ്ടെങ്കിലും ക്ഷേത്രത്തിലെ ഭഗവത് ചൈതന്യത്തിന്  യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്‌നത്തില്‍ വ്യക്തമായതായി ദേവപ്രശനം നടത്തിയ ആചാര്യന്‍മാര്‍ അറിയിച്ചു.

ചിലകാര്യങ്ങളില്‍ ഭഗവാന് അതൃപ്തിയുണ്ട്. കഴിഞ്ഞകാലങ്ങളില്‍ നടത്തേണ്ട പരിഹാര പ്രാശചിത്തങ്ങള്‍ യഥാസമയം നടത്താത്തതാണ് പ്രശ്‌നകാരണം. ഇനിയും പരിഹാര ക്രിയകള്‍ ചെയ്തില്ലെങ്കില്‍ ദുരിതങ്ങളേറുമെന്നും ദേവപ്രശ്‌നത്തില്‍ വ്യക്തമായി. മഹാക്ഷേത്രമായിരുന്നിട്ടും കാലാകാലങ്ങളായി അവഗണന നേരിടുകയാണെന്നും ക്ഷേത്രത്തിന് ദൈവാധീനക്കുറവുണ്ടെന്നും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു.

മഹാമൃത്യുഞ്ജയ ഹോമം ഉള്‍പ്പടെയുള്ള പരിഹാരക്രിയകള്‍ ഉടന്‍ തുടങ്ങാനും നിര്‍ദ്ദേശമുയര്‍ന്നുഅഷ്ടമംഗലം ദേവപ്രശ്‌നം ഉച്ചയോടെ തുടങ്ങി. കിഴക്കേനടയിലെ കുലശേഖര മണ്ഡപത്തിലെ നാടകശാലയുടെ മുഖപ്പിലാണ് ദേവപ്രശ്‌നത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്ര തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. ജ്യോതിഷ പണ്ഡിതന്മാരായ നാരായണ രംഗ ഭട്ട്, പത്മനാഭ ശര്‍മ, ഹരിദാസ്, ദേവീദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രശ്‌നംവയ്ക്കുന്നത്.

മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ദേവപ്രശ്‌നം നാളെയും തുടരും. ഇതുവരെ തുറക്കാത്ത ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ടും മറ്റും വരും ദിവസങ്ങളില്‍ ദേവഹിതത്തില്‍ വ്യക്തമാവുമെന്നാണ് കരുതുന്നത്. ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ, പരിഹാര ക്രിയകള്‍ ചെയ്യണമോ എന്ന് അറിയാനാണു തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെയും ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ദേവപ്രശ്‌നം നടന്ന് വരുന്നത്.