എഡിറ്റര്‍
എഡിറ്റര്‍
ബല്‍ഗാമില്‍ ദേവദാസി സമ്പ്രദായം സജീവം
എഡിറ്റര്‍
Monday 11th November 2013 10:05am

belgam

ബാംഗലൂരു:  ഉത്തരകര്‍ണാടകയില്‍ ദേവദാസി സമ്പ്രദായം ഇപ്പോഴും സജീവം. ബല്‍ഗാമിലെ സോന്തത്തി, കൊകത്‌നൂര്‍ ഗ്രാമങ്ങളിലാണ് ദേവദാസി സമ്പ്രദായം വ്യാപകമായി നടക്കുന്നത്.

പെണ്‍കുട്ടികളെ ക്ഷേത്രത്തിനും ദേവിക്കുമായി സമര്‍പ്പിക്കുന്നു എന്ന പേരിലാണ് ഈ ആചാരം നടക്കുന്നത്. പ്രത്യേക കര്‍മങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടികളെ ദേവദാസികളായി കണക്കാക്കും. സാമ്പത്തികമായി പിന്നോക്കാവസ്ഥ നേരിടുന്ന കുടുംബങ്ങളിലാണ് ഈ ആചാരം സജീവമായി നടപ്പാകുന്നത്.

പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ കറുത്ത രുദ്രാക്ഷമാല  അണിയുകയും അത് ക്ഷേത്രത്തില്‍ പൂജക്ക് നല്‍കുകയും ചെയ്യും തുടര്‍ന്ന് ഈ മാല പെണ്‍കുട്ടി അണിയുന്നതോടെ അവള്‍ ദേവദാസിയായി മാറുകയും വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷം ധാര്‍വാഡിലെ സോന്തത്തി ക്ഷേത്രത്തില്‍ വച്ച്  13കാരിയെ ദേവദാസിയാക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടിയിരുന്നു.

ദേവദാസികള്‍ക്കായി എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ജത്രാസ് എന്ന ആചാരപരിപാടി നടക്കാറുണ്ട്. ദേവദാസികള്‍ ആകുന്ന പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോകാന്‍ മുംബൈ, ഗോവ പോലുള്ള വന്‍ നഗരങ്ങളില്‍ നിന്നായി നിരവധി സെക്‌സ് റാക്കറ്റ് സംഘങ്ങള്‍ ഗ്രാമങ്ങളില്‍ എത്താറുണ്ട്.

കുടുംബത്തിന് വന്‍തുക പ്രതിഫലം നല്‍കിയാണ് പെണ്‍കുട്ടികളെ ഇവര്‍ വിദേശത്തേക്ക് കടത്തുന്നത്. ‘വിമോചനസംഘ’യുള്‍പ്പെടെയുള്ള സംഘടനകള്‍ ഈ അനാചാരത്തിനെ തുടച്ച് നീക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആചാരത്തിന്റെ പേരില്‍ പ്രദേശത്തെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥ പെണ്‍വാണിഭ സംഘങ്ങള്‍ മുതലെടുക്കുകയാണ്.

അതേസമയം അനാചാരങ്ങള്‍ക്കും ദുര്‍മന്ത്രവാദങ്ങള്‍ക്കും എതിരായ നിയമം നിര്‍മിക്കാനുള്ള പുറപ്പാടിലാണ് സര്‍ക്കാര്‍. ദുര്‍മന്ത്രവാദ ബില്‍ നിയമമാകുന്നതോടെ ഈ അനാചാരത്തിനും അറുതിയാകുമെന്നാണ് പ്രതീക്ഷ.

Advertisement