അബുദാബി: റോഡില്‍ കാറുമായി അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവ് റോഡ് വൃത്തിയാക്കണമെന്ന് ശിക്ഷ. അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ശിക്ഷവിധിച്ചത്. മൂന്ന് മാസമാണ് യുവാവ് റോഡുകള്‍ വൃത്തിയാക്കേണ്ടത്.

Subscribe Us:

ഇതിന് പുറമേ 17,000 ദിര്‍ഹം പിഴയായും യുവാവ് നല്‍കണം. മൂന്ന് മാസത്തേക്ക് യുവാവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ച് വെയ്ക്കും. യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിയിലെ അല്‍ഷംഖ മേഖലയിലെ സ്‌കൂളിന് മുന്നിലായിരുന്നു യുവാവിന്റെ അഭ്യാസം.

അഭ്യാസ പ്രകടനം നടത്തിയതിന് പുറമെ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു യുവാവ്. തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അബുദാബിയില്‍ ആദ്യമായാണ് കുറ്റം ചെയ്തതിന് ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്. പൂച്ചയെ ജീവനോടെ നായ്ക്കള്‍ക്ക് ഭക്ഷണമായി നല്‍കിയതിന് നേരത്തേ ദുബായില്‍ യുവാവിന് മൃഗശാല വൃത്തിയാക്കാനുള്ള ശിക്ഷ ലഭിച്ചിരുന്നു.