അഹ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റില്‍ വിജയിച്ചിട്ടും മൊടേറ സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയത്തിലെ പിച്ചില്‍ ഒട്ടും സംതൃപ്തനല്ല ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. പന്ത് ടേണ്‍ ചെയ്യുന്ന പിച്ചാണ് തങ്ങള്‍ക്ക് ആവശ്യമെന്നും അത്തരമൊരു പിച്ചില്‍ മാത്രമേ കളി ആസ്വാദ്യകരമാകുള്ളൂ എന്നും ധോണി പറയുന്നു.

Ads By Google

സ്പിന്നര്‍മാര്‍ക്ക് മതിയായ ടേണും ബൗണ്‍സും ഈ പിച്ച് നല്‍കിയില്ല. വരാനിരിക്കുന്ന മത്സരങ്ങളില്‍ തുടക്കംമുതല്‍ നല്ല ടേണുള്ള വിക്കറ്റായിരിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗത്തില്‍ പന്ത് വെട്ടിത്തിരിയാന്‍ തുടങ്ങുകയാണെങ്കില്‍ ടോസിന് വലിയ പ്രാധാന്യമുണ്ടായിരിക്കില്ലെന്നും ധോണി പറഞ്ഞു.

ആദ്യ ടെസ്റ്റിലെ വിജയത്തിനായി ഇന്ത്യന്‍ ടീം കഠിനാധ്വാനം ചെയ്‌തെന്നും ഇംഗ്ലണ്ടിന് മുന്‍പില്‍ ആധിപത്യം നേടാനായതാണ് ടീമിനെ തുണച്ചതെന്നും ധോണി പറഞ്ഞു.

‘ഫോളോഓണ്‍ ചെയ്തശേഷം ഇംഗ്ലണ്ട് മികച്ച ചെറുത്തുനില്‍പ് കാഴ്ചവെച്ചു. രണ്ടര ദിവസത്തോളം തുടരെ ടീമിന് ഫീല്‍ഡ് ചെയ്യേണ്ടിവന്നു. ബൗളര്‍മാര്‍ക്ക് വളരെ ജാഗ്രതയോടെ പന്തെറിയേണ്ടതുണ്ടായിരുന്നു. പിന്നെ പ്രഗ്യാന്‍ ഓജയും അശ്വിനുമെല്ലാം മികച്ച ഫോമിലായിരുന്നതും ടീമിനെ തുണച്ചു.

പൂജാര വളരെ ശാന്തനായ കളിക്കാരനാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാന്‍ അറിയാം.  200 റണ്‍സ് സ്‌കോര്‍ ചെയ്ത ശേഷം ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യാന്‍ അവന്‍ മടിയൊന്നും കാട്ടിയില്ല. ക്ഷീണമുണ്ടെന്ന് ചൂണ്ടിക്കാട്ടി വേണമെങ്കില്‍ അവന് ഒഴിഞ്ഞുമാറാമായിരുന്നു.  പക്ഷേ അതിന് നില്‍ക്കാതെ വീണ്ടും ബാറ്റ് ചെയ്യാന്‍ പൂജാര തയ്യാറായിരുന്നു.

പിന്നെ ബൗളിങ് സൈഡും ഏറെ മികച്ച പ്രകടനമാണ് നടത്തിയത്. സഹീര്‍ഖാന്‍ ഏറെ പരിശ്രമിച്ചു. ഉമേഷ് നിലവിലെ പ്രകടനം മെച്ചപ്പെടുത്തിയതിനൊപ്പം തന്നെ വേഗത്തില്‍ പന്തെറിയാനും തുടങ്ങി.

ഫാസ്റ്റ് ബൗളര്‍മാരുടെ സംഭാവന മത്സരത്തില്‍ സുപ്രധാനമായിരുന്നു. ആവശ്യമായ സമയത്ത് അവര്‍ ടീമിനെ സഹായിച്ചു. പേസ് ബൗളര്‍മാരെ തുണക്കാത്ത വിക്കറ്റായിരുന്നിട്ടും ആറ് വിക്കറ്റുകള്‍ നേടാന്‍ അവര്‍ക്കായി’-ധോണി പറഞ്ഞു.