Categories

വിലാസ്‌റാവു ദേശ്മുഖ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്

മുംബൈ: ക്രിക്കറ്റ് ഭരണ രംഗത്ത് നിന്നും രാഷട്രീയ നേതാക്കളെ അകറ്റി നിര്‍ത്തണമെന്ന നിര്‍ദേശവുമായി മുന്നോട്ട് പോകവേ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് ഇന്ത്യയില്‍ നിന്നൊരു അശുഭവാര്‍ത്ത. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി കേന്ദ്ര മന്ത്രി വിലാസ് റാവു ദേശ്മുഖിനെ തെരഞ്ഞെടുത്തു. മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ദിലീപ് വെങ്‌സാര്‍ക്കറിനെയാണ് ദേശ്മുഖ് പരാജയപ്പെടുത്തിയത്. 47 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

2001 മുതല്‍ ശരത് പവാര്‍ വഹിച്ചിരുന്ന സ്ഥാനത്തേക്കാണ് ഇപ്പോള്‍ ദേശ്മുഖിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ദേശ്മുഖിന് 182 വോട്ട് കിട്ടിയപ്പോള്‍ വെങ്‌സര്‍ക്കാറിന് 135 വോട്ട് മാത്രമാണ് കിട്ടിയത്. കാലാവധി തീര്‍ന്ന കഴിഞ്ഞ കമ്മറ്റിയില്‍ വൈസ് പ്രസിഡണ്ടായിരുന്നു ഇരുവരും. പവാര്‍ പാനലിലെ മിക്കവരും ജയിച്ച് കയറിയ തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റുമാരായി രത്‌നാകര്‍ ഷെട്ടിയെയും വിജയ് പാട്ടീലിനെയും തെരഞ്ഞെടുത്തു. ട്രഷററായി ഡി വൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ചെയര്‍മാനായ വിജയ് പാട്ടീലിനെ തിരഞ്ഞടുത്തു.

മനോഹര്‍ ജോഷി (1992-2001) ശരത് പവാര്‍(2001-2011) എന്നിവര്‍ക്ക് ശേഷം 13-ാംമത്തെ പ്രസിഡണ്ടായാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ദേശ്മുഖ് തെരഞ്ഞെടുക്കപ്പെട്ടത്. തനിക്ക് വേണ്ടി വോട്ട് ചെയ്തവരോടും തന്നെ നാമനിര്‍ദ്ദേശം ചെയ്ത പവാര്‍ മഹാദല്‍ക്കര്‍ സഖ്യത്തോടും നന്ദി പറയുന്നതായി ഫല പ്രഖ്യാപനത്തിന് ശേഷം ദേശ്മുഖ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.