തിരുവനന്തപുരം: ദേശാഭിമാനിക്കെതിരായ ബോണ്ട് കേസ് എഴുതിത്തള്ളണമെന്ന് വിജിലന്‍സ്. ഇടതുമുന്നണിസര്‍ക്കാരിനെ സ്വാധീനിക്കാന്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് രണ്ടുകോടി രൂപയും കൊച്ചിയിലെ സ്വകാര്യ ധനകാര്യസ്ഥാപനമായ ‘ലിസി’ല്‍നിന്ന് ഒരു കോടി രൂപയും ദേശാഭിമാനി പത്രം സംഭാവന വാങ്ങിയെന്ന കേസുകള്‍ എഴുതിത്തള്ളണമെന്നാണ് കോടതി മുമ്പാകെ വിജിലന്‍സ് എസ് പി ശ്രീസുഗതന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ദേശാഭിമാനി ജനറല്‍മാനേജറായ ഇ പി ജയരാജന്‍, മുന്‍ ഡെപ്യൂട്ടി ജനറല്‍മാനേജര്‍ വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയായിരുന്നു വിജിലന്‍സ് കോടതിയില്‍ സ്വകാര്യ ഹരജി സമര്‍പ്പിക്കപ്പെട്ടിരുന്നത്.
2007ല്‍ ഇവര്‍ക്കെതിരെ സ്വകാര്യ ഹരജിക്കാരന്‍ കേസന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും കേസുമായി ബന്ധപ്പെട്ട യാതൊരു തെളിവുകളും വാദി നല്‍കിയിരുന്നില്ല. തുടരന്വഷണത്തിലും പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താത്തതിനെത്തുടര്‍ന്നാണ് കേസ് എഴുതിത്തള്ളണമെന്ന് വിജിലന്‍സ് ആവശ്യപ്പെടുന്നത്.
ഇവര്‍ക്കെതിരായ കേസ് എഴുതിത്തള്ളണമെന്ന് 2008ലും വിജിലന്‍സ് അപേക്ഷിച്ചിരുന്നെങ്കിലും പ്രത്യേക കോടതി അത് തള്ളിയിരുന്നു.