കോഴിക്കോട്: ലാവലിന്‍ വിഷയത്തില്‍ സി.പി.ഐ സെക്രട്ടറി സി.കെ ചന്ദ്രപ്പന്റെ ആരോപണങ്ങള്‍ക്ക് സി.പി.ഐ. എമ്മിന്റെ മറുപടി. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി പത്രാധിപരുമായ വി.വി ദക്ഷിണാമൂര്‍ത്തിയാണ് ചന്ദ്രപ്പനെ പേരു പറയാതെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനം പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയത്.

ലാവലിന്‍ കേസില്‍ പാര്‍ട്ടി വിശദീകരണം ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കേസിന്റെ യഥാര്‍ഥ വശം കാണാതെ ശുദ്ധ നിയമവാദികള്‍ വിവാദങ്ങളുയര്‍ത്തുകയും ഏതാനും മാധ്യമങ്ങള്‍ അതേറ്റു പിടിക്കുകയും ചെയ്യുന്നത് ജുഗുപ്‌സാവഹമാണ്. നിയമത്തിന്റെ പരിശോധനകള്‍ പ്രത്യേക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍, നിയമപരമായിത്തന്നെ നേരിടണം എന്ന വാദം ഉയര്‍ത്തുന്നത് പരിഹാസ്യമാണ്.

വിജിലന്‍സും സി.ബി.ഐയും അന്വേഷിച്ചിട്ടും ലാവലിന്‍ കേസില്‍ പിണറായി അഴിമതി നടത്തിയിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല. ഇതെല്ലാം അറിഞ്ഞിട്ടും അജ്ഞത ഭാവിച്ചോ കാര്യങ്ങള്‍ വേണ്ട വിധം മനസ്സിലാക്കാതെയോ വിവാദമുയര്‍ത്തുന്നത് നല്ല കീഴ് വഴക്കമല്ലെന്നും ലേഖനത്തില്‍ പറയുന്നു.