എഡിറ്റര്‍
എഡിറ്റര്‍
അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ദേശാഭിമാനി നഷ്ടപരിഹാരം നല്‍കി
എഡിറ്റര്‍
Saturday 12th January 2013 8:30pm

കൊച്ചി: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ദേശാഭിമാനി നഷ്ടപരിഹാരം നല്‍കി. ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ.പി ജയരാജന്‍ കത്ത് സഹിതമാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ചെക്ക് നല്‍കിയത്.

Ads By Google

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നു എന്ന ആമുഖത്തോടെയാണ് കത്ത് ആരംഭിക്കുന്നത്.1998 നവംബര്‍ മുതല്‍ 2005 ഡിസംബര്‍ വരെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതായും കത്തില്‍ പറയുന്നു.

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് അവസാനമായി ജോലിചെയ്ത ദേശാഭിമാനി കൊച്ചി യൂണിറ്റില്‍നിന്ന് കണക്കാക്കിയപ്രകാരമാണ് തുക നിശ്ചയിച്ചിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.

1998 ല്‍ ദേശാഭിമാനിയില്‍ അസോസിയേറ്റ് എഡിറ്ററായിരിക്കേയാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ ദേശാഭിമാനിയില്‍ നിന്നും പുറത്താക്കുന്നത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു നടപടി.

ഇതിനെതിരെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന നിയമനടപടിയെടുത്തപ്പോള്‍ അദ്ദേഹം അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നു എന്നായിരുന്നു മാനേജ്‌മെന്റ് നിലപാട്. അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് അനുകൂലമായി എറണാകുളം ലേബര്‍ കോടതി വിധിപുറപ്പെടുവിച്ചെങ്കിവും ദേശാഭിമാനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ ലേബര്‍ കോടതി വിധി 2012 ജൂലൈയില്‍ ഹൈക്കോടതിയും ശരിവെക്കുകയായിരുന്നു. ഡിസംബര്‍ 28ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനപ്രകാരമാണ് വള്ളിക്കുന്നിന് ആനുകൂല്യങ്ങള്‍ നല്‍കിയതെന്നാണ് സൂചന.

നിയമത്തെ നിരന്തരം വെല്ലുവിളിക്കുന്ന സി.പി.ഐ.എം ഒടുവില്‍ നിയമത്തിനു കീഴടങ്ങിയതില്‍ സന്തോഷമുണ്ടെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറഞ്ഞു. 14വര്‍ഷംമുമ്പ് തനിക്കെതിരെ എടുത്ത നടപടിയും അതിനെ ന്യായീകരിച്ച് കോടതിയിലും പൊതുസമൂഹത്തിലും എടുത്ത നിലപാടുകളും തെറ്റാണെന്ന് പാര്‍ട്ടി പറയുന്നതിന് തുല്യമാണിത്. എങ്കിലും ഇതൊരു തെറ്റുതിരുത്തലായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തുകയുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും അപ്പുക്കുട്ടന്‍ വ്യക്തമാക്കി. റിട്ടയര്‍മെന്റ് കാലാവധി കൂടി പരിഗണിക്കുമ്പോള്‍ ലഭിച്ച തുകയില്‍ തൃപ്തനല്ലെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് തന്റെ ബ്ലോഗില്‍ പറയുന്നു.

Advertisement