ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിസ്മയ വിജയം. ജയവും പരാജയവും മാറിമറിഞ്ഞ മണിക്കൂകള്‍ക്കൊടുവില്‍ ഇന്ത്യ സെഞ്ചൂറിയനിലെ പരാജയത്തിന് മറുപടി നല്‍കി. 87 റണ്‍സിനാണ് ഇന്ത്യന്‍ വിജയം. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഇന്ത്യയുടെ രണ്ടാമത്തെ ടെസ്റ്റ് വിജയമാണിത്. ഇതോടെ മൂന്ന് മല്‍സരങ്ങടങ്ങിയ പരമ്പരയില്‍ 1-1 എന്ന നിലയില്‍ ഇരു ടീമുകളും തുല്യനിലയിലാണ്.

303 റണ്‍സെന്ന വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 215 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബൌളര്‍മാരെ തുണക്കുന്ന പിച്ചില്‍ റണ്ണൊഴുക്കാന്‍ ഇരു ടീമും പണിപ്പെട്ടു. രണ്ടാമിന്നിങ്‌സില്‍ 39 റണ്‍സുമായി അവസാനം വരെയും പിടിച്ചു നിന്ന ദക്ഷിണാഫ്രിക്കയുടെ ആഷ്വെല്‍ പ്രിന്‍സിന് കൂട്ടാളികളില്ലാതെ പോവുകയായിരുന്നു. സോത്സോബെയ റണ്ണൌട്ടാക്കിയ ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യക്ക് വിജയം തീര്‍ച്ചയാക്കിയത്.

Subscribe Us:

ഇന്ത്യക്ക് വേണ്ടി സഹീര്‍ ഖാനും ശ്രീശാന്തും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹര്‍ഭജന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ വി.വി.എസ് ലക്ഷ്മണ്‍ നടത്തിയ അസാമാന്യ ബാറ്റിങ് ആണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 25 റണ്‍സിനും പരാജയപ്പെട്ടിരുന്നു.