തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പ് ഏപ്രിലില്‍ നടത്തണണെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്നും ഡപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ അലോക് ശുക്ലയുമായി നടത്തിയ ചര്‍ച്ചയില്‍ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങള്‍ പരീക്ഷാകാലമാണെന്നും ഈ സമയത്ത് തിരഞ്ഞെടുപ്പ് നടത്തരുതെന്നും സി.പി.ഐ.എം വ്യക്തമാക്കി. എന്നാല്‍ തിരഞ്ഞെടുപ്പ് മേയില്‍ നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് സി.പി.ഐ.

അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടംഘട്ടമായി നടത്തണമെന്ന് ബി ജെ പി ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വ്യാപകമായുണ്ടാകുന്ന അക്രമവും ബൂത്തുപിടുത്തവും അവസാനിപ്പിക്കാന്‍ വിവിധ ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നാണ് ബി.ജെ.പി നേതാക്കള്‍ കമ്മീഷണറോട് വ്യക്തമാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഡപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ അലോക് ശുക്ല അഭിപ്രായപ്പെട്ടിരുന്നു. . പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി വാര്‍ത്ത പരന്നിരുന്നു. മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കാനൊരുങ്ങുന്നത് മുന്നില്‍കണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ ഭയക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.