എഡിറ്റര്‍
എഡിറ്റര്‍
വിഷാദരോഗവും പ്രധാന ലക്ഷണങ്ങളും
എഡിറ്റര്‍
Friday 31st January 2014 2:53pm

depression

ജീവിതത്തില്‍ സന്തോഷവും ദു:ഖവും മാറിമറിഞ്ഞ് വരിക സാധാരണമാണ്. എന്നാല്‍ എല്ലായ്‌പ്പോഴും ശോകമൂകമായി ദു:ഖത്തോടെ ഇരിക്കുന്നത് വിഷാദരോഗം മൂലമാകാം.

വിഷാദരോഗത്തിനടിമപ്പെട്ടാല്‍ നിങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച പ്രവര്‍ത്തിക്കാനോ ഒരു കാര്യം ശരിയായി ചെയ്യാനോ കഴിയാതെ വരും.

അതിനാല്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളും വരാനുള്ള കാരണങ്ങളുമെല്ലാം മനസിലാക്കി രോഗം വരാനുള്ള സാധ്യത പരമാവധി തടയുകയാണ് ആദ്യം ചെയ്യേണ്ടത്.

വിഷാദരോഗത്തിനടിമപ്പെട്ടവര്‍ക്ക് തങ്ങളുടെ ജോലി  ശരിയായി ചെയ്യാനോ പഠനത്തില്‍ ശ്രദ്ധ ചെയുത്താനോ ഭക്ഷണം കഴിക്കാനോ നല്ലപോലെ ഉറങ്ങാനോ ജീവിതം ആസ്വദിക്കാനോ ഒന്നിനും കഴിയില്ല.

വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ് താഴെ പറയുന്നത്.

1) അമിതമായ നിരാശ:

ചെയ്യുന്ന പ്രവൃത്തിയെല്ലാം ശരിയാവാത്തതായി തോന്നുകയും ശുഭാപ്തി വിശ്വാസം നഷ്ടപ്പെടുന്നതുമെല്ലാം വിഷാദരോഗത്തിന്റെ ലക്ഷണമാണ്.

2) പ്രവൃത്തികള്‍ ചെയ്യാനുള്ള താല്‍പ്പര്യം നഷ്ടമാകല്‍:

വിഷാദരോഗം അനുഭവപ്പെടുന്ന ഒരു വ്യക്തിക്ക് ദിവസവും താന്‍ ചെയ്യുന്ന പ്രവൃത്തികളില്‍പ്പോലും താല്‍പ്പര്യം നഷ്ടപ്പെടും. താനിഷ്ടപ്പെട്ടിരുന്ന ഹോബികളിന്‍മേലുള്ള താല്‍പ്പര്യം നഷ്ടമാകുകയും സന്തോഷിക്കാനുള്ള മാനസികാവസ്ഥ നഷ്ടമാകുകയും ചെയ്യും.

3) തൂക്കത്തിലെ ഏറ്റക്കുറച്ചിലുകള്‍:

തൂക്കത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത് വിഷാദരോഗത്തിന്റെ ലക്ഷണമാകാം. ഭാരം അമിതമായി കുറയുന്നതോ കൂടുന്നതോ ശ്രദ്ധിക്കണം. ഒരു മാസത്തില്‍ അഞ്ച് ശതമാനത്തിലധികം ഭാരത്തില്‍ വ്യതിയാനം സംഭവിച്ചാല്‍ ഡോക്ടറെ കാണേണ്ടതുണ്ട്.

4) ഉറക്കത്തിലെ വ്യത്യാസങ്ങള്‍:

വിഷാദരോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് ഉറക്കത്തിലെ ഏറ്റക്കുറച്ചിലുകള്‍.

ഇംസോനിയ അഥവാ അതിരാവിലെ ഉറക്കം ലഭിക്കാതെ എഴുന്നേല്‍ക്കുന്നതോ ഹൈപ്പര്‍സോംനിയ അഥവാ അമിതമായി ഉറങ്ങുന്നതോ ഇതിന്റെ ലക്ഷണങ്ങളാണ്.

5) പെട്ടെന്ന് ക്ഷോഭം വരിക:

മനസ്സ് അസ്വസ്ഥമാകുന്നതും പെട്ടെന്ന് ദേഷ്യം വരികയും അത് നിയന്ത്രിക്കാനാകാതെ വരുന്നതും പൊട്ടിത്തെറിക്കുന്നതുമെല്ലാം വിഷാദരോഗത്തിന്റെ ലക്ഷണമാണ്.

6) ഉന്മേഷക്കുറവ് അനുഭവപ്പെടല്‍:

അലസത, തളര്‍ച്ച തുടങ്ങിയവ വിഷാദരോഗ ലക്ഷണമാണ്. ശരീരത്തിന് അമിതഭാരം തോന്നുകയും ചെറിയ കാര്യം പോലും ചെയ്യുമ്പോള്‍ വലിയതായി തോന്നുകയും ചെയ്തുതീരാന്‍ ഏറെ സമയമെടുക്കുകയും ചെയ്യും.

7)സ്വയം വെറുപ്പ് തോന്നുക:

വിഷാദരോഗക്കാര്‍ക്ക് തന്നോടുതന്നെ വെറുപ്പ് തോന്നും. കുറ്റബോധം തോന്നുകയും സ്വയം കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യും.

8)ശ്രദ്ധക്കുറവ്:

ഏതെങ്കിലും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുകയും തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിയാതിരിക്കുകയും കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതിരിക്കുന്നതുമെല്ലാം വിഷാദരോഗലക്ഷണങ്ങളാണ്.

9) അടിക്കടിയുള്ള വേദനകള്‍:

തലവേദന, നടുവേദന, വയറുവേദന, മസിലുകളിലെ വേദന തുടങ്ങി അടിക്കടി ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത് വിഷാദരോഗത്തിന്റെ മറ്റൊരു ഭാഗമാണ്.

അടിക്കടി ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നതും വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണമാണ്.

വിഷാദരോഗം ചികിത്സിക്കാതിരിക്കുന്നത് വന്‍ അപകടങ്ങളിലേക്ക് നയിക്കാം. ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നതോടെ വേദനകളില്‍ നിന്ന് മുക്തമാകാന്‍ ആത്മഹത്യയിലേക്ക് വരെ നീങ്ങുന്നവരുണ്ട്.

Advertisement