എഡിറ്റര്‍
എഡിറ്റര്‍
ആറ് മുന്‍ ജഡ്ജിമാര്‍ക്കെതിരെ സി.ബി.ഐ അഴിമതിക്കുറ്റം ചുമത്തി
എഡിറ്റര്‍
Thursday 28th November 2013 7:50am

CBI

ഗാസിയാബാദ്: ഗാസിയാബാദ് ജില്ലാ കോടതിയില്‍ നിന്ന്  വിരമിച്ച ആറ് ജഡ്ജിമാര്‍ക്കെതിരെ സി.ബി.ഐ പ്രത്യേക കോടതി അഴിമതിക്കുറ്റം ചുമത്തി. കോടിക്കണക്കിന് രൂപയുടെ പ്രോവിഡന്റ് പണ്ട്  തിരിമറിയുമായി ബന്ധപ്പെട്ടാണിത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ജഡ്ജിമാര്‍ കൂടാതെ മറ്റ് 65 പേരും കേസില്‍ പ്രതികളാണ്. ഇതില്‍ 35 കോടതി ജീവനക്കാരും ഉള്‍പ്പെടുന്നു.

2001-2008 കാലയളവില്‍ ഗാസിയാബാദ് ജില്ലാ കോടതി ജഡ്ജിമാരായിരുന്ന ആര്‍.പി മിശ്ര, ആര്‍.പി യാദവ്, എ.കെ സിങ്, ആര്‍.എസ് ചൗബൈ, ആര്‍.എന്‍ മിശ്ര, അരുണ്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.

ഡിസംബര്‍ ആറ് മുതല്‍ വിചാരണ ആരംഭിക്കാനും  സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി എ.കെ സിങ് ഉത്തരവിട്ടു.

ഗാസിയാബാദ് കോടതിയിലെ നാലാം ഗ്രേഡ് ജീവനക്കാരുടെ പി.എഫ് അക്കൗണ്ടില്‍ നിന്ന് കോടികള്‍ പിന്‍വലിച്ചുവെന്നാണ് കേസ്.

2008-ല്‍ അന്നത്തെ സി.ബി.ഐ ജഡ്ജിയായിരുന്ന റാമ ജെയ്ന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് പി.എഫ് അഴിമതി വെളിച്ചത്ത് വന്നത്. ഏഴ് കോടിയോളം രൂപയുടെ അഴിമതിയാണിത്. അഴിമതി അന്വേഷിക്കാന്‍ സി.ബി.ഐയ്ക്ക് സുപ്രീം കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.

2008 ഒക്ടോബറില്‍ സി.ബി.ഐ അന്വേഷണം ആരംഭിക്കുകയും 2010 ജൂലൈയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

അഞ്ചരവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ആരോപണവിധേയനായ രംഭാബു വര്‍മ ചൊവ്വാഴ്ച ജഡ്ജിയ്ക്ക് മുമ്പാകെ കുറ്റസമ്മതം നടത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

Advertisement