ന്യൂദല്‍ഹി: സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപം ക്രമേണ കുറഞ്ഞ് വരുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. 2006 ല്‍ 23,373 കോടി നിക്ഷേപമുണ്ടായിരുന്നപ്പോള്‍ ഇപ്പോള്‍ അത് 9,295 കോടിയിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് രാജ്യസഭയില്‍ ചോദ്യത്തിന് ഉത്തരം പറയവേ ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.

വിദേശരാജ്യങ്ങളിലുള്ളവര്‍ വിവിദ സ്വിസ്സ് ബാങ്കുകളിലായി കഴിഞ്ഞവര്‍ഷം നിക്ഷേപിച്ച തുകയുടെ 0.1302% ശതമാനം മാത്രമാണ് ഇന്ത്യക്കാര്‍ നിക്ഷേപിച്ചതെന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജി രാജ്യസഭയില്‍ അറിയിച്ചു. മറ്റു രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചുതുടങ്ങിയതായും ഇതിന്‍മേലുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

സ്വിസ് ബാങ്കുകളില്‍ ഇന്ത്യയിലെ പ്രമുഖരടക്കം പലരും വ്യാപകമായ തോതില്‍ കള്ളപ്പണം നിക്ഷേപിക്കുന്നുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇത് തിരിച്ച് പിടിക്കണമെന്ന് വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെതുടര്‍ന്ന് സ്വിറ്റസര്‍ലണ്ടുമായി കഴിഞ്ഞ ആഗസ്റ്റില്‍ പരിഷ്‌കരിച്ച ഇരട്ടനികുതി ഒഴിവാക്കല്‍ ഉടമ്പടി (ഡി.ടി.എ.എ)യില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു.

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ രഹസ്യ ബാങ്ക് നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ ഇന്ത്യക്ക് ലഭ്യമാക്കുന്നതാണ് കരാര്‍. ഈ സാഹചര്യത്തിലാണ് സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം വ്യപകമായി കുറഞ്ഞത് എന്നാണ് കരുതപ്പെടുന്നത്.