ന്യൂദല്‍ഹി: കാര്‍ഷിക വായ്പ നടപ്പു സാമ്പത്തിക വര്‍ഷം നാലുലക്ഷം കോടി രൂപ കവിയുമെന്നു കൃഷിമന്ത്രി ശരദ് പവാര്‍. കാര്‍ഷിക രംഗത്തു നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ തുക കൂടുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം 3,75ലക്ഷം കോടിരൂപ കാര്‍ഷിക വായ്പ വിതരണം ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതനുസരിച്ച് ആദ്യത്തെ എഴുമാസം 2.29കോടി രൂപ ബാങ്കുകള്‍ നല്‍കി.

കഴിഞ്ഞ വര്‍ഷം ബജറ്റ്‌ ലക്ഷ്യം 3.2ലക്ഷം കോടി രൂപ ആയിരുന്നെങ്കിലും 3.84 ലക്ഷം കോടി രൂപ വായ്പ നല്‍കി. ഏഴു ശതമാനമാണ് പലിശ. കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്കു രണ്ടു ശതമാനം പലിശയിളവുണ്ട്. കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി ബസ്മതി ഇതര അരി, പഞ്ചസാര, ഉള്ളി എന്നിവയുടെ കയറ്റുമതി അനുവദിക്കേണ്ടതാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു.

ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ ആറു ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത് 23.207 കോടി ടണ്‍. രണ്ടു വര്‍ഷം മുന്‍പത്തെ സര്‍വകാല റെക്കോര്‍ഡിന് തൊട്ടുതാഴെയാണിത്. ഗോതമ്പ് പയറുവര്‍ഗം എന്നിവയുടെ ഉള്‍പാദനത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ട്. ഈ വര്‍ഷം ഗോതമ്പ് ഉല്‍പാദനം 8.14കോടി ടണ്ണും പയര്‍ ഉല്‍പാദനം 1.65 കോടി ടണ്ണുമാകുമെന്നാണ് കരുതുന്നത്. പഞ്ഞി ഉല്‍പാദനത്തിലും ഗണ്യമായ വര്‍ധന പ്രതീക്ഷിക്കുന്നുവെന്നും പവാര്‍ പറഞ്ഞു.