എഡിറ്റര്‍
എഡിറ്റര്‍
സൗദി കിരീടാവകാശി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട മുഹമ്മദ് ബിന്‍ നായിഫ് വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Friday 30th June 2017 10:30am


അടുത്തിടെ സൗദി കിരീടാവകാശി സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട മുഹമ്മദ് ബിന്‍ നായിഫ് വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്. ജിദ്ദ നഗരത്തിലെ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ തടങ്കലില്‍ കഴിയുകയാണെന്നും സൗദി വിട്ടുപോകുന്നതിന് അദ്ദേഹത്തിനു വിലക്കുണ്ടെന്നും സൗദി രാജകുടുംബവുമായി അടുത്തബന്ധമുള്ളവരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

മുഹമ്മദ് ബിന്‍ സല്‍മാനെ സൗദി കിരീടാവകാശിയായി പ്രഖ്യാപിച്ചതിനെതിരെ എന്തെങ്കിലും തരത്തിലുള്ള എതിര്‍പ്പുകള്‍ ഉയരുന്നത് ഇല്ലാതാക്കാനാണ് നായിഫിനെ വീട്ടുതടങ്കലിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. എത്രകാലും ഈ നിയന്ത്രണം ഉണ്ടാവുമെന്നത് വ്യക്തമല്ല.


Must Read: ഖത്തര്‍ പ്രതിസന്ധിയുടെ ‘രാജകുമാരന്‍’ – മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലുകളെപ്പറ്റി


മുഹമ്മദ് ബിന്‍ നായിഫിനു പുറമേ അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ക്കെതിരെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സൗദി രാജകുടുംബവുമായി അടുപ്പമുള്ള മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. വിവാഹിതയായ ഒരു മകളോട് പറഞ്ഞത് കുട്ടികളെയും ഭര്‍ത്താവിനെയും പറഞ്ഞയച്ച് തനിച്ച് ഇവിടെ നില്‍ക്കണമെന്നാണ് എന്നും അദ്ദേഹം പറയുന്നു.

മുഹമ്മദ് ബിന്‍ സല്‍മാനെ സ്ഥാനക്കയറ്റത്തിനു പിന്നാലെ തന്നെ ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവപന്നിട്ടുണ്ടെന്നാണ് രാജകുടുംബവുമായി അടുപ്പമുള്ള ഒരാള്‍ പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ കിരിടാവകാശിയെ പ്രഖ്യാപിച്ചതിനു പിന്നാലെ നായിഫ് ജിദ്ദയിലെ വസതിയെത്തിയപ്പോള്‍ കണ്ടത് അദ്ദേഹവുമായി അടുപ്പമുള്ള ഗാര്‍ഡുകളെ മാറ്റി മുഹമ്മദ് ബിന്‍ സല്‍മാനുമായി അടുപ്പമുള്ള ഗാര്‍ഡുകളെ നിയമിച്ചതായാണ്. അതുമുതല്‍ അദ്ദേഹത്തെ കൊട്ടാരത്തില്‍ നിന്നും പുറത്തുപോകാന്‍ അനുവദിച്ചിട്ടില്ല എന്നാണ് രാജകുടുംബവുമായി അടുത്ത വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരു എതിരാളിയെ ആഗ്രഹിക്കുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്.’ സൗദിയുമായി അടുപ്പമുള്ള ഒരു മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ‘കുടുംബത്തില്‍ നിന്നും ചെറിയൊരു പ്രതിഷേധം പൊലും അദ്ദേഹം ആഗ്രഹിക്കുന്നില്ല. യാതൊരു എതിര്‍പ്പുമില്ലാത്ത ഒരു അധികാരഉയര്‍ച്ചയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.’ അദ്ദേഹം പറയുന്നു.


Don’t Miss: ട്രംപും അല്‍ സഊദും; തുടരുന്ന സഖ്യങ്ങള്‍


മുഹമ്മദ് ബിന്‍ സല്‍മാന്‍ മുഹമ്മദ് ബിന്‍ നായിഫിന്റെ കൈകളില്‍ ചുംബിക്കുന്ന ദൃശ്യങ്ങള്‍ പലതവണ കാട്ടിക്കൊണ്ട് സൗദി ഔദ്യോഗിക മാധ്യമം ഈ അധികാര കൈമാറ്റമുണ്ടാക്കുന്ന ചര്‍ച്ചകളെ ബോധപൂര്‍വ്വം ശാന്തമാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മുഹമ്മദ് ബിന്‍ നായിഫിനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സൂചിപ്പിക്കുന്നത് രാജകുടുംബത്തിലെ ചില അംഗങ്ങള്‍ക്ക് ഈ അധികാരമാറ്റത്തില്‍ അതൃപ്തിയുണ്ടെന്നും നായിഫ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് ആ അതൃപ്തി ആളിക്കത്താന്‍ ഇടയാക്കുമെന്നു ഭയന്നാണ് അദ്ദേഹത്തെ പുറത്തിറങ്ങാന്‍ അനുവദിക്കാത്തതെന്നുമാണ്.

കഴിഞ്ഞയാഴ്ചയാണ് സൗദി രാജാവ് സല്‍മാന്‍ അദ്ദേഹത്തിന്റെ മകനും ഉപകിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ കിരിടാവകാശിയായി പ്രഖ്യാപിക്കുകയും മുഹമ്മദ് ബിന്‍ നായിഫിനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തത്. അദ്ദേഹത്തെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

സല്‍മാന്‍ രാജാവിന്റെ തീരുമാനത്തെ മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുയായികള്‍ പിന്തുണച്ചപ്പോള്‍ ഈ തീരുമാനം സൗദിയിലെ പ്രായമായ പല രാജാക്കന്മാരുടെയും രാഷ്ട്രീയ പ്രത്യാശകള്‍ ഇല്ലാതാക്കുന്ന ഒന്നായിരുന്നു. പലരും മുഹമ്മദ് ബിന്‍ സല്‍മാനെ എടുത്തുചാട്ടക്കാരനും, അധികാരമോഹിയും അനുഭവസമ്പത്ത് കുറഞ്ഞവനുമായാണ് കാണുന്നത്. കിരീടാവകാശി സ്ഥാനത്തിനു പുറമേ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയും സല്‍മാന് രാജാവിന് കൈമാറിയിരുന്നു. യെമനിലെ ഹൂത്തി റിബലുകള്‍ക്കെതിരെ സൗദി നടത്തുന്ന സൈനിക അധിനിവേശത്തിന്റെ ചുമതലയും ഇതോടെ അദ്ദേഹത്തിനായി.

അമേരിക്കയുമായും ബ്രിട്ടനുമായും അടുത്ത ഇന്റലിജന്‍സ് ബന്ധങ്ങള്‍ സൂക്ഷിച്ച വ്യക്തിയാണ് മുഹമ്മദ് ബിന്‍ നായിഫ്. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയത് അദ്ദേഹവുമായി ഏറെ അടുപ്പമുള്ള അമേരിക്കയിലെ പ്രമുഖ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ട്രംപും അദ്ദേഹത്തിന്റെ അടുത്ത സഹായികളും സല്‍മാന്‍ രാജാവിന് പരസ്യമായി തന്നെ ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇവര്‍ എതിര്‍പ്പ് മറച്ചുവെയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Advertisement