എഡിറ്റര്‍
എഡിറ്റര്‍
കുടിവെള്ളം വേണ്ട! ഭക്ഷണം വേണ്ട! എനിക്ക് ക്ഷേത്രം തരൂ!!
എഡിറ്റര്‍
Wednesday 16th May 2012 11:30am

ഭക്തിയുടെ വാണിജ്യവല്‍ക്കരണം ഏറ്റവുമധികം നടക്കുന്ന ഈ സാഹചര്യത്തില്, സിനിമ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം വിമര്‍ശനാത്മകം ആയതിനാല്‍ ആ നിലപാട് ഒരേ സമയം സമരവും പോരാട്ടവും തന്നെയായിത്തീരുന്നുണ്ട്.

Marata film by Umesh Kulkarni

സിനിമ/മൃദുല ഗോപിനാഥ്

കഥയുടെയും ജീവിതത്തിന്റെയും ലോകമായ സിനിമയിലേക്കു വീണ്ടും മഹാരാഷ്ട്രയിലെ ഒരു ഗ്രാമ ജീവിതവും അവിടത്തെ സംഭവ വികാസങ്ങളും ഇടം പിടിച്ചിരിക്കുന്നു എന്നതാണു ഇത്തവണത്തെ ദേശീയ അവാര്‍ഡിലൂടെ നമുക്കു കാണാന്‍ കഴിഞ്ഞിരിക്കുന്നത്. മറാത്തി ചലച്ചിത്ര സംവിധായകനായ ഉമേഷ് വിനായക് കുല്‍ക്കര്‍ണിയുടെ ‘ദേവൂള്‍’ എന്ന ചിത്രമാണു മലയാളത്തിലെ സുവീരന്റെ ‘ബ്യാരി’യോടൊപ്പം 2011ലെ ദേശീയ അവാര്‍ഡ് പങ്കിട്ടത്. മികച്ച ചിത്രത്തിനും സംഭാഷണത്തിനും നടനുമുള്ള പുരസ്‌കാരങ്ങള്‍ക്കുകൂടി അര്‍ഹമാക്കിയ ഈ ചിത്രം സംവിധായകന്റെ മൂന്നാമത്തെ ചിത്രമാണു. ‘ദേവൂള്’ എന്നാല്‍ ‘ക്ഷേത്രം’ എന്നാണര്‍ത്ഥം. പുതുതായി ഉയര്‍ന്നു വന്ന ഒരു ക്ഷേത്രം ഒരു ഗ്രാമ  ജീവിതത്തെ മാറ്റി മറിക്കുന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം.

അടിസ്ഥാന സൗകര്യങ്ങള്‍ക്കും നിലനില്‍ക്കുന്നതിനുമായി കഷ്ട്‌പ്പെടുന്ന ഭൂരിഭാഗം ഗ്രാമീണ ജനതയ്ക്കുവേണ്ട ജീവിതസാഹചര്യങ്ങള്‍ ലക്ഷ്യമിടുന്ന വികസനനയങ്ങള്‍ക്കും ശാശ്വത പരിഹാരങ്ങള്‍ക്കും പകരം അവര്‍ക്ക് താല്‍ക്കാലിക ശാന്തി നല്‍കുകയും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും  പ്രതികരണങ്ങളില്‍ നിന്നും വഴി തെറ്റിച്ചും, ഭക്തിയുടെ മാര്‍ഗ്ഗം ഉപദേശിച്ചുകൊണ്ടും, വികലമായ ഒരു ആത്മീയ ബോധം സൃഷ്ടിക്കുകയും അതിലൂടെ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാതെ ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ട്, ഇന്നത്തെ ഭക്തിയുടെ കച്ചവട തന്ത്രങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുകയാണു ‘ദേവൂള്‍’ എന്ന സിനിമ.

ഉച്ചമയക്കത്തിനു ശേഷം കേശു കണ്ട സ്വപ്നം ആണു കഥയ്ക്കാധാരം. ദത്ത എന്ന ദേവന് (വിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായ ദത്തത്രേയന്‍) അയാള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു എന്നതായിരുന്നു ആ സ്വപ്നം. ഈ സംഭവം അയാള്‍ എല്ലാവരോടും പറയുന്നു. ഗ്രാമീണ പത്ര പ്രവര്‍ത്തകനായ മഹാസങ്കരം ഇതൊരു വാര്‍ത്തയാക്കുകയും അയാളും കുറച്ചു ചെറുപ്പക്കാരും കൂടി ഗ്രാമത്തെ ദൈവം അനുഗ്രഹിച്ചതാണ് എന്ന നിഗമനത്തില്‍ എത്തിച്ചെരുകയും ചെയ്യുന്നു. രാഷ്ട്രീയ നേതാവായ ഭവു ഗലണ്ടയും ഇതിനു പിന്നില്‍ കിട്ടാവുന്ന  രാഷ്ട്രീയ സാധ്യത തിരിച്ചറിയുകയും ക്ഷേത്ര നിര്‍മ്മാണം എന്ന ആവശ്യത്തില്‍ എല്ലാവര്‍ക്കുമൊപ്പം നില്‍ക്കുകയും ചെയ്യുന്നു. ഗ്രാമത്തില്‍ ഒരു ആശുപത്രി നിര്‍മ്മിക്കുക എന്ന ആവശ്യത്തിനു വേണ്ടി ഓടി നടന്ന പുരോഗമന ചിന്താഗതിക്കാരനായ കുല്‍ക്കര്‍ണി അണ്ണ അവിടെ ഒറ്റപ്പെടുന്നു. ക്ഷേത്രമുണ്ടാകുന്നതോടെ  ഗ്രാമീണരുടെ ചിന്താഗതിയും ജീവിത രീതിയും മാറ്റി മറിക്കപ്പെടുന്നു. ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയ ഗ്രാമം, കച്ചവടക്കാരെ കൊണ്ടു നിറയുകയും ചെയ്തു.

ഭക്തിയുടെ വാണിജ്യവല്‍ക്കരണം ഏറ്റവുമധികം നടക്കുന്ന ഈ സാഹചര്യത്തില്, സിനിമ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം വിമര്‍ശനാത്മകം ആയതിനാല്‍ ആ നിലപാട് ഒരേ സമയം സമരവും പോരാട്ടവും തന്നെയായിത്തീരുന്നുണ്ട്. യഥാര്‍ത്ഥ ജീവിതപ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനു പകരം വിപണിയുടെ കച്ചവടക്കണ്ണോടെ ജീവിച്ചുമരിക്കുന്നതിലേയ്ക്കു ഒരു പൊതുബോധം എത്ര വേഗമാണു മാറ്റപ്പെടുന്നതു എന്നു സിനിമ  ചിന്തിപ്പിക്കുന്നു.

ഹിന്ദുവെന്നും ക്രിസ്ത്യനെന്നും മുസ്ലീം എന്നും വര്‍ഗീകരിച്ചു ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന രാഷ്ട്രീയതിന്റെ ഭീകരത നാമേറെ കണ്ടവരാണ്. മഹാരാഷ്ട്രയെ സംബന്ധിച്ചിടത്തോളം സങ്കുചിത വര്‍ഗീയ രാഷ്ട്രീയതിന്റെ കൊടി പിടിക്കുന്ന രാഷ്ട്രീയ വൃന്ദം, ഭക്തിയുടെ ആഴത്തിലുള്ള വേരോട്ടത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ രാഷ്ട്രീയ അജണ്ടയായി പ്രത്യക്ഷമായും പരൊക്ഷമായും ഒക്കെ രാഷ്ട്രീയ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പ്രയോഗിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യം തന്നെയാണുള്ളതും. ഭക്തി ഉയര്‍ത്തുന്ന ദൂര വ്യാപകമായ പ്രത്യാഘാതത്തെ അഭിസംബോധന ചെയ്യാത്ത ഒരു മുന്നേറ്റത്തിനും ഇവിടെ പ്രസക്തിയില്ല എന്നു വരുന്നു.

ഹിന്ദുത്വ ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളായി ഒരു കൂട്ടം ജനതയെ പരോക്ഷമായി മാറ്റിയെടുക്കുന്നതിലേക്കുള്ള രാഷ്ട്രീയ പ്രക്രിയ മാത്രം നടത്തുന്ന ഫാസിസ്റ്റ് അധികാര ശക്തികള്‍ക്ക് ഏറ്റവും എളുപ്പം നിഷ്‌കളങ്കരായ ഗ്രാമീണരുടെ നിസഹായതയെ ചൂഷണം ചെയ്യുക, രാഷ്ടീയ ആയുധമാക്കുക എന്നതു തന്നെയാണ്. കൃത്യമായ വര്‍ഗീയ വിഭജനത്തിലേക്കു ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതൃത്വത്തെ മനസിലാക്കാനവാത്ത വിധം, തങ്ങളുടെ കഷ്ടപ്പാടില്‍ നിന്നുള്ള മോചനമായി ഭക്തിമാര്‍ഗം സ്വീകരിക്കുന്ന, അല്ലെങ്കില്‍ അതിന് നിര്‍ബന്ധിതരാക്കപ്പെടുന്ന ഒരു ജനതയെ നമുക്കെങ്ങനെ തടഞ്ഞു നിര്‍ത്താനാകും?

ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ്, നിരക്ഷരത, രോഗങ്ങള്‍ എന്നിവയില്‍ നിന്നും വിടുതല്‍ ലഭിക്കാന്‍ ഏറ്റവും എളുപ്പമുള്ള മരുന്നായി ഭക്തിയെ മാറ്റിയെടുത്തതില്‍ ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തെ മാത്രം പറഞ്ഞാല്‍ മതി.

കുടി വെള്ളം തരൂ,…വെളിച്ചം തരൂ,…ഭക്ഷണം തരൂ, എന്ന നിലവിളിയുമായി വരുന്ന ജനതയെ എന്നും ജനനായകന്മാര്‍ക്ക് ഭീഷണിയാണു. ക്ഷേത്രം നിര്‍മ്മിക്കുക , ഭക്തിയുടെ ഒറ്റ മൂലി സിദ്ധാന്തം നടപ്പില്‍ വരുത്തി, ജനങ്ങളെ തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്തി, അനുസരിപ്പിക്കുന്ന, ഭക്ത അടിമകളെ സൃഷ്ട്ടിക്കുന്ന രാഷ്ട്രീയ വൃത്തികേടുകള്‍ക്കെതിരെയിള്ള പ്രതിഷേധം ആയി ഈ ചിത്രം മാറുന്നു. ദൈവവും മതവുമൊക്കെ വോട്ടു രാഷ്ട്രീയത്തിലെ നിര്‍ണായക ഘടകങ്ങള്‍ ആണെന്ന തിരിചറിവ് സാധാരണക്കാരിലെയ്ക്ക് സന്നിവേശിപ്പിക്കാന്‍ ഈ സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതു സംവിധായകന്റെ രാഷ്ട്രീയ ഇടപെടലിന്റെ പക്വത തന്നെയാണ്.

Advertisement