ന്യൂദല്‍ഹി: അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 39 ആയി. ന്യൂദല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കൊടുംതണുപ്പ് അനുഭവപ്പെടുന്നത്.

ദല്‍ഹിയില്‍ പലയിടത്തെയും താപനില 5 ഡിഗ്രിയിലും താഴെയായി. റോഡ്, റെയില്‍, വിമാന ഗതാഗതങ്ങള്‍ സ്തംഭിച്ചു. കനത്ത മഞ്ഞിനെ തുടര്‍ന്ന് കാഴ്ചപരിധി പൂജ്യത്തോട് അടുത്തു. അടുത്ത കുറച്ചുദിവസങ്ങളില്‍ കൂടി കാലാവസ്ഥ ഇതേനിലയില്‍ നീങ്ങുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കാലാവസ്ഥ ഇതേനിലയില്‍ തന്നെ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ സീറോ വിസിബിലിറ്റി ലാന്റിംഗ് സിസ്റ്റം കൊണ്ടുവരുമെന്ന വ്യോമഗതാഗത വകുപ്പിന്റെ പ്രഖ്യാപനം പാലിക്കപ്പെടാത്തതിനാലാണ് വ്യോമഗതാഗതം തടസപെടുന്നതെന്ന ആരോപണമുണ്ട്.

Subscribe Us:

രാജസ്ഥാനിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 1.6 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. തലസ്ഥാനമായ ജയ്പൂരില്‍ 5.6 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ബീഹാറില്‍ 17 പേരാണ് മരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനം അതിശൈത്യത്തിന്റെ പിടിയിലാണ്. ഗയയില്‍ 7.5 ഡിഗ്രയാണ് താപനില. പാറ്റനയില്‍ 9.8 ഉം രേഖപ്പെടുത്തി. ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരിച്ചത് 22 പേരാണ്.

കനത്ത മൂടല്‍ മഞ്ഞും പുകയും അപകടങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഓഖ്‌ല, നെഹ്‌റു പാലസ്, പടേല്‍ നഗര്‍, ഗാസിപൂര്‍, സാരൈ കലേ ഖാന്‍, നിസാമുദ്ദീന്‍ എന്നീ ട്രാഫിക് കൂടിയ പ്രദേശങ്ങളെ മൂടല്‍മഞ്ഞ് നന്നായി ബാധിച്ചിട്ടുണ്ട്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്നലെ 29 ട്രെയിനുകള്‍ റദ്ദാക്കി.

കഴിഞ്ഞദിവസം ജയ്പൂര്‍ ആഗ്രദേശീയ പാതയില്‍ ഭാരത്പൂരിലെ ഹലേനക്ക് സമീപം ഒരു ബസ് ഉള്‍പ്പെടെ എട്ട് വാഹനങ്ങള്‍ കൂട്ടിമുട്ടി 30 പേര്‍ക്ക് പരുക്കേറ്റു. ഇതേ റോഡില്‍ തന്നെ മണിക്കൂറുകള്‍ക്കകം രണ്ട് ട്രെക്കുകളും കാറും കൂട്ടിമുട്ടി ഒരാള്‍ മരിക്കുകയും ചെയ്തു.

Malayalam news

Kerala news in English