മഴക്കാലത്തു ഈ അടുത്തായി കേരളത്തില്‍ കൂടുതല്‍ കണ്ടു വരുന്ന രോഗമാണ്. ഡെങ്കിപ്പനി .ആദ്യമായി 1950 ല്‍ ഫിലിപ്പിനിലും തായ്ലണ്ടിലുമാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഈഡിസ് ഇജിപ്ത് എന്ന പെണ്‍ കൊതുക് വഴി പകര്‍ത്തുന്ന ഒരു വൈറസ് രോഗമാണ്. ഈ കൊതുക് ഒരു ഡെങ്കി വൈറസ് ബാധിച്ച രോഗിയെ കടിച്ചു കഴിഞ്ഞാല്‍ ആ വൈറസ് കൊതുകിന്റെ രക്തത്തിലേക്ക് കയറും, വേറൊരാളെ ഈ കൊതുക് കടിക്കുമ്പോള്‍ അയാളിലേക്ക് ഈ രോഗം പകരും.

പ്രധാനമായും 4 തരം ഡെങ്കി വൈറസ് ഉണ്ട്. പ്രധാനമായും ഈ വൈറസ് ഉള്ള ഒരു കൊതുക് ഒരു വ്യക്തിയെ കടിച്ചു കഴിഞ്ഞാല്‍ 4 മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കും. ഉയര്‍ന്ന തോതിലുള്ള പനി, തലവേദന, സന്ധിവേദന,ശരീരമാസകലം വേദന ,കണ്ണിന്റെ പുറകില്‍ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ഇത് കൂടാതെ മൂക്കില്‍ നിന്നും വായയില്‍ നിന്നും രക്തസ്രാവവും കലശലായ ഓക്കാനവും ഛര്‍ദിയും വയര്‍ വേദനയും,ശരീരത്തില്‍ മൊത്തമായി പൊടിപ്പുകളുമുണ്ടാവാം. ഇത്തരം ഘട്ടങ്ങളില്‍ അടിയന്തിര വിദഗ്ദ്ധചികിത്സ തേടേണ്ടതാണ്. ഒരു പ്രാവശ്യം ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും ഡെങ്കിപ്പനി വരുമ്പോള്‍ രോഗത്തിന് കൂടുതല്‍ കടുപ്പമുണ്ടാകാന്‍ സാധ്യതയുണ്ട്.

ശക്തമായ ഡെങ്കിപ്പനി നമ്മുടെ ശ്വാസകോശം, കരള്‍,ഹൃദയം എന്നിവയെ ബാധിക്കാറുണ്ട്. രക്തസമ്മര്‍ദ്ദം വളരെയധികം കുറഞ് മരണ സാധ്യതയുണ്ട്. ഡെങ്കിപ്പനി വന്ന രോഗിക്ക് പൂര്‍ണ്ണ വിശ്രമം ആവശ്യമാണ് ,അത് പോലെ കൂടുതല്‍ ശുദ്ധ വെള്ളം കുടിക്കേണ്ടതാണ്. അവര്‍ക്ക് നല്ല ആരോഗ്യ പരിചരമാണാവശ്യം ചിലപ്പോള്‍ രക്തം കയറ്റേണ്ടതായി വരും (രക്തത്തിലെ പ്ലേറ്റലെറ്റ് കുറയാന്‍ സാധ്യത ഉണ്ട് ).

ആസ്പിരിന്‍, മറ്റു വേദന സംഹാരികള്‍ ഇത്തരം രോഗികള്‍ കഴിക്കരുത്. ഈഡിസ് കൊതുകുകള്‍ വെള്ളക്കെട്ടുകളില്‍ ആണ് വളരുന്നത്. ഈ കൂടുതലായും പകല്‍ സമയത്താണ് ആളുകളെ കടിക്കുന്നത്. ഇത് വരാതിരിക്കാന്‍ നമ്മുടെ വീടും മുറ്റവും വൃത്തിയായി സൂക്ഷിക്കുക ,കൊതുകുകള്‍ മുട്ടയിടാന്‍ സാധ്യതയുള്ള ചെടിചട്ടികള്‍, മറ്റു വെള്ളക്കെട്ടുകള്‍ എന്നിവ ഇല്ലാതാക്കുക.

വീട്ടിനുള്ളില്‍ പകല്‍ സമയം കൊതുക് നാശിനികള്‍ അല്ലെങ്കില്‍ കുന്തിരിക്ക,ഉണങ്ങിയ വേപ്പില ,തുളസിയില എന്നിവ ഉപയോഗിച്ചു പുകക്കുകയോ ചെയ്യുക.വീട്ടിലുള്ളവര്‍ മുഖമൊഴിച്ചു ശരീരം മൊത്തം മറയുന്ന വസ്ത്രം ധരിക്കുക ,വീട്ടില്‍ പനിബാധിതരുണ്ടെങ്കില്‍ അവരെ കൊതുകുവലക്കുള്ളില്‍ തന്നെ കിടത്തുക.

നമ്മുടെ വീടും മുറ്റവും വൃത്തിയാക്കുക,ഓരോ വ്യക്തിയും വിചാരിച്ചാല്‍ മാത്രമേ ഈ അസുഖം കൂടുതല്‍ വ്യാപിക്കാതിരിക്കുവാന്‍ സാധിക്കുകയുള്ളൂ.

(ലേഖകന്‍: ഡോക്ടര്‍ അബ്ദുല്‍ നാസര്‍പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് )