എഡിറ്റര്‍
എഡിറ്റര്‍
ഡെങ്കിപ്പനിയെ പ്രതിരോധിക്കാനെന്ന പേരില്‍ അംഗീകാരമില്ലാത്ത മരുന്ന് വിതരണം; മരുന്നുകള്‍ പ്രചരിപ്പിക്കുന്നത് സോഷ്യല്‍ മീഡിയ വഴി
എഡിറ്റര്‍
Thursday 22nd June 2017 11:05am

കോഴിക്കോട്: ഡെങ്കിപ്പനിയെ പ്രതിരോധിക്കാനെന്ന പേരില്‍ അംഗീകാരമില്ലാത്ത മരുന്ന് വിതരണം വ്യാപകമാകുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് മരുന്നുകള്‍ പ്രചരിക്കപ്പെടുന്നത്.

സ്വയം വികസിപ്പിച്ചെടുത്ത മരുന്നുകള്‍ എന്ന അവകാശവാദത്തോടെയാണ് മരുന്നുകള്‍ വിറ്റഴിക്കപ്പെടുന്നത്. ഒരു അംഗീകാരവുമില്ലാതെ സര്‍ക്കാരിനെ നോക്കുകുത്തിയാക്കിയാണ് ഇത്തരം മരുന്ന പരീക്ഷങ്ങള്‍ നടക്കുന്നത്.

ഡങ്കിപ്പനിയെ ഇനി ഭയക്കേണ്ടതില്ലെന്ന തലക്കെട്ടോടെ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് മരുന്ന് വിറ്റഴിക്കാനുള്ള പ്രചരണം നടക്കുന്നത്.

പനിയുമായി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പാരസെറ്റാമോള്‍ നല്‍കിയിട്ടും ഗ്ലൂക്കോസ് കയറ്റിയിട്ടും അസുഖം മാറുന്നില്ലെന്നും രക്തത്തിലേക്ക് പ്ലേറ്റ്‌ലെറ്റുകള്‍ കയറ്റുന്ന ചിലവേറിയ ചികിത്സ ചെയ്തിട്ടും രോഗികള്‍ മരിക്കുകയാണെന്നും ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ എടപ്പാള്‍ രാജാസ് ആയുര്‍വേദ ക്ലിനിക്കിലെ ഡോ. അരുണ്‍ രാജ് വികസിപ്പിച്ചെടുത്ത മരുന്ന് ഉപയോഗിച്ചാല്‍ 24 മണിക്കൂര്‍ കൊണ്ട് രോഗിയുടെ ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് വര്‍ധിക്കുമെന്നും മൂന്ന് ദിവസം കൊണ്ട് അസുഖം മാറുമെന്നുമാണ് വാട്‌സ് ആപ്പിലൂടെയും മറ്റും പ്രചരിക്കുന്ന കുറിപ്പ്.


Dont Miss ഐസക്കിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല ; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി ജി. സുധാകരന്‍


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാനായി ഡോ. രാജാസ് ആയുര്‍വേദിക് ക്ലിനിക് എന്ന പേരിലും ഡോ. ദീപു ഹോമിയോപതിക് ക്ലിനിക് എന്ന പേരും നല്‍കിയിട്ടുമുണ്ട്. ഒരേ സന്ദേശം പല ഡോക്ടര്‍മാരുടെ പേരിലുമാണ് പ്രചരിക്കുന്നത്.

നമ്പറില്‍ ബന്ധപ്പെടുന്നവരോട് ഒരാഴ്ചത്തെ മരുന്നുകള്‍ക്ക് 1000 രൂപ വരെയാണ് പറയുന്നത്. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തിന്റെ വര്‍ധനവിനനുസരിച്ച് മരുന്നിന്റെ വിലയും കൂടുമെന്നും ഇവര്‍ പറയുന്നു. മരുന്നുകള്‍ക്ക് അംഗീകാരമുണ്ടോ എന്ന ചോദ്യത്തിന് മരുന്നുകള്‍ക്ക് അംഗീകാരമില്ലെന്നും അംഗീകാരം ലഭിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് ഇവരുടെ മറുപടി.

ആയുര്‍വേദ മരുന്ന് കൊണ്ട് അതിവേഗം പ്ലേറ്റ്‌ലെറ്റുകള്‍ കൂടുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. മൂന്ന് വര്‍ഷമായി കീമോ ചെയ്ത് കൗണ്ട് കുറഞ്ഞവര്‍ക്കും ഐ.ടി.പി പോലുള്ള അസുഖങ്ങളിലും വിജയകരമായി പരീക്ഷിച്ചു വരുന്നു എന്നാണ് ഇവരുടെ വിശദീകരണം. ഡെങ്കിപ്പനി കേസുകള്‍ എടപ്പാള്‍ പരിസരത്ത് ഇല്ലാതായത് ഈ മരുന്ന് കൊണ്ടാണെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഈ സ്ഥാപനം നില നില്‍ക്കുന്ന എടപ്പാള്‍ പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ അവിടെ dengue hemorrhagic fever എന്ന സങ്കീര്‍ണ ഇനം ഡെങ്കിപ്പനി ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിഞ്ഞതെന്ന് ഡോ. ഷിംന അസീസ് അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

മൃഗങ്ങളില്‍ പരീക്ഷിച്ച്, കുഴപ്പമില്ലെന്ന് കണ്ടാല്‍ മനുഷ്യനില്‍ അയാളുടെ പൂര്‍ണ സമ്മതത്തോടെ പരീക്ഷിച്ച്, നിരീക്ഷിച്ച്, മാര്‍ക്കറ്റില്‍ ഇറങ്ങിയ ശേഷം വീണ്ടും സര്‍വ്വൈലന്‍സ് നടത്തിയാവണം മരുന്നിനെ ചികിത്സയായി അംഗീകരിക്കാന്‍ എന്നിരിക്കെയാണ് യാതൊരു അംഗീകാരവുമിലാതെയുള്ള ഈ മരുന്ന് വിതരണം.

Advertisement