ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഗവണ്‍മെന്റ് ഭേദഗതിയോടെ തയ്യാറാക്കിയ ലോക്പാല്‍ ബില്‍ പ്രഹസനമാണെന്ന് ‘ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍'(ഐ എ സി) സംഘടന. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാല്‍പതോളം വരുന്ന സംഘടന അന്നാ ഹസാരെയുടെ നിരാഹാര സമരത്തെ പിന്തുണച്ച് കൊണ്ട് ന്യൂയോര്‍ക്കിലെ യു എന്‍ ഓഫീസിന് മുന്നില്‍ പ്രകടനം നടത്തി.

അഴിമതിക്കെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന യു.എന്‍ കണ്‍വെന്‍ഷനില്‍ ഇന്ത്യ അംഗീകരിച്ചതാണ്. പക്ഷെ യു.എന്‍ അറിഞ്ഞ് കൊണ്ട് തന്നെ ഇന്ത്യ ഇത് ലംഘിച്ചെന്നും ഐ.എ.സി അംഗമായ ആഷിം ജെയിന്‍ ആരോപിച്ചു. ബില്ലിന്റെ കരട് രേഖ അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും പാലിക്കുന്നുല്ല.
ദുരിതം അനുഭവിക്കുന്ന ധാരാളം ജനങ്ങള്‍ ഇന്നും രാജ്യത്തുണ്ട്. ഇവരില്‍ നിന്നും തട്ടിയെടുക്കുന്ന പണം മുഴുവന്‍ ഒരു വിഭാഗം ആളുകളില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘അഴിമതിയെ ജയിലിലടക്കുക’, ‘ഇന്ത്യന്‍ സര്‍ക്കാറിന്റെ ലോക്പാല്‍ ഒരു വലിയ തമാശ’, ‘അധികാരത്തെ ദുരുപയോഗം ചെയ്യുന്നത് നിര്‍ത്തുക’, തുടങ്ങിയ ബോര്‍ഡുകളുമായി രണ്ട് മണിക്കൂറോളം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

.ഞങ്ങള്‍ ഹസാരെയ പിന്തുണക്കുന്നു, ഞങ്ങള്‍ക്ക് കുറച്ച് കൂടി മെച്ചപ്പെട്ട ഭരണസംവിധാനമാണ് വേണ്ടത്.ന്യൂ ജേഴ്‌സിയിലെ പ്രവര്‍ത്തകനായ പാര്‍ത്ത തുരാഗ പറഞ്ഞു. ‘ഇന്ത്യക്ക് കൃത്യമായ അഴിമതി വിരുദ്ധ നിയമമില്ല’.നിലവിലെ ലോക്പാല്‍ ബില്ലിലും ഇതിനുള്ള സംവിധാനമില്ല. യഥാര്‍ത്ഥത്തില്‍ ഇത് അഴിമതിയെ അനുകൂലിക്കുകയാണ് ചെയ്യുന്നത്’. പ്രവര്‍ത്തകനായ മോഹന്‍ രാജ് തൃണമൂല്‍ പറഞ്ഞു. ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയും മറ്റ് അംഗങ്ങളും ഉള്‍പ്പെടുന്ന കളങ്കരഹിതമായ ലോക്പാല്‍ ബില്ലാണ് ആവശ്യം.

ആഗസ്റ്റ് 16 ന് ഹസാരെ വീണ്ടും നിരാഹാരസമരവുമായി വീണ്ടും രംഗത്തെത്തുകയാണ്, എന്നാല്‍ സമരത്തെ ശക്തമായി ചെറുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.