ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. സുപ്രീംകോടതിയുടെ പ്രവര്‍ത്തനത്തില്‍ ആശങ്കയുണ്ടെന്ന ജഡ്ജിമാരുടെ പ്രസ്താവന തങ്ങളിലും ആശങ്കയുണ്ടാക്കുന്നുവെന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വീറ്ററില്‍ ട്വീറ്റ് ചെയ്തു.

ജനാധിപത്യം അപകടാവസ്ഥയില്‍ എന്ന ഹാഷ്ടാഗോടുകൂടിയാണ് ട്വീറ്റ്. ദല്‍ഹിയില്‍ അടിയന്തിര യോഗം ചേരാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകനും പാര്‍ട്ടി നേതാവുമായ കപില്‍ സിബലിനോട് അടിയന്തിരമായി കൊല്‍ക്കത്തയില്‍ നിന്ന് തലസ്ഥാനത്തെത്താനും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പുതിയ സംഭവവികാസങ്ങളില്‍ വിഷമമുണ്ടെന്ന് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചു.

നേരത്തെ സുപ്രീംകോടതിയ്ക്കു മുന്നില്‍ ജഡ്ജിമാരായ ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഇത്തരമൊരു സംഭവം അസാധാരണ സംഭവമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം.

‘സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ക്രമരഹിതാണ്. സുപ്രീം കോടതി ശരിയായ രീതിയില് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും’

മറ്റുവഴികളില്ലാത്തതുകൊണ്ടാണ് രാജ്യത്തോടായി ഇക്കാര്യം പറയുന്നത്. ചില കാര്യങ്ങളൊന്നും ശരിയായല്ല നടക്കുന്നത്. ഇന്ന് രാവിലെ ചീഫ് ജസ്റ്റിസുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. എല്ലാ വിവരങ്ങളും വിശദീകരിച്ച് രണ്ട് മാസം മുന്‍പ് ചീഫ് ജസ്റ്റിസ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് അനകൂല നടപടിയുണ്ടായില്ല. ഈ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്നതെന്നും ചെലമേശ്വര്‍ പറഞ്ഞു.

നാളെ ഈ ജോലിയില്‍ നിന്നും പിരിഞ്ഞുപോവുമ്പോള്‍ തങ്ങള്‍ സ്വന്തം ആത്മാഭിമാനം പണയം വെച്ചാണ് ജോലി ചെയ്തതെന്ന് ആളുകള്‍ പറയരുത്. മറിച്ച് ആത്മാഭിമാനം കാത്തുസൂക്ഷിച്ചാണ് ജോലി ചെയ്തതെന്ന് വേണം പറയാന്‍. അതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറയാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണോ എന്ന ചോദ്യത്തിന് അത് രാജ്യം തീരുമാനിക്കട്ടെയെന്നായിരുന്നു ജഡ്ജിമാരുടെ മറുപടി.