Categories

മലബാര്‍ സംസ്ഥാനം വേണമെന്ന വാദം അപകടകരം: പിണറായി

Pinarayi

കല്‍പ്പറ്റ:  മലബാര്‍ വികസനത്തിന്റെ പേരില്‍ ഒരു വിഭാഗം ആളുകള്‍ നടത്തിയ സെമിനാറില്‍ മലബാര്‍ സംസ്ഥാനം വേണമെന്ന വാദമുയര്‍ന്നത് അപകടകരമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളെ തകര്‍ക്കാനുദ്ദേശിക്കുന്ന ചില തീവ്രവാദ ഗ്രൂപ്പുകളുടെ അജന്‍ഡയാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മറ്റൊരു  മതതീവ്രവാദ സംഘടന മലപ്പുറം ജില്ല വിഭജിച്ച് രണ്ട് ജില്ലയാക്കണമെന്ന് ആവശ്യപ്പെട്ടതും ഇതും കൂട്ടിവായിക്കേണ്ടതാണെന്നും പിണറായി.

ആദിവാസി ക്ഷേമസമിതി വയനാട് ജില്ലാസമ്മേളനം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശിക വിഘടനവാദങ്ങള്‍ ഗൗരവമായി കാണുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.താല്‍ക്കാലിക നേട്ടതിനായി ഏത് വിഘടനവാദികളുമായും അവര്‍കൂട്ടുകൂടും എന്നതിന് തെളിവുകളേറെയുണ്ട്.

2004 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും കനത്ത തിരിച്ചടി നേരിട്ട അതേ രാഷ്ട്രീയ സാഹചര്യത്തിന് തുല്യമായിരിക്കുന്ന അവസ്ഥയാണിപ്പോള്‍.

ജനങ്ങള്‍ക്കിടയില്‍ അടിത്തറ തകര്‍ന്ന കോണ്‍ഗ്രസും യു.ഡി.എഫും ഘടകക്ഷികളുമെല്ലാം ആഭ്യന്തര പ്രശ്‌നങ്ങളാല്‍ നട്ടം തിരിയുകയാണെന്നും  ജനങ്ങളെ പരിഗണിക്കാതെയുള്ള പരിസ്ഥിതി സംരക്ഷണ റിപ്പോര്‍ട്ടുകള്‍ ഇടതുമുന്നണി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേവല പരിസ്ഥിതി വാദത്തിന് പകരമായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തി വച്ച് ശാസ്ത്രജ്ഞരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി സമിതിയെ നിയോഗിച്ച് പഠനം നടത്തുകയാണ് വേണ്ടത്.

ആദിവാസികളടക്കമുള്ള പാവപ്പെട്ടവരോട് മുഖം തിരിച്ചുനില്‍ക്കുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേത്. ആദിവാസി ക്ഷേമത്തിനായി ഇടതുമുന്നണി സര്‍ക്കാര്‍  നടപ്പിലാക്കിയ പദ്ധതികളെല്ലാം ഈ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്.

ആദിവാസി സ്ത്രീകളുടെ മദ്യപാനമാണ് ശിശുമരണം വര്‍ധിക്കുന്നതിന് കാരണമെന്ന് പ്രചരിപ്പിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാട് പരിഹാസ്യമാണ്.

എല്ലാ വിഭാഗം ജനങ്ങളും യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ അസംതൃപ്തരാണെന്നും എല്ലാ വിധത്തിലും ഒറ്റപ്പെട്ട സര്‍ക്കാര്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു.

Tagged with: | |