ന്യൂദല്‍ഹിയിലെ മൃഗശാലയില്‍ വന്‍തോതില്‍ ശുദ്ധജലക്ഷാമം നേരിടുന്നു. തങ്ങളുടെ നിലനില്‍പിനെ ഗൗരവമായി ബാധിക്കുന്ന പ്രശ്‌നങ്ങളാണ് മൃഗശാലയിലുള്ള ഓരോ മൃഗവും അനുഭവിക്കുന്നത്. ജലത്തിന്റെ ദൗര്‍ലഭ്യംകാരണം കഴിഞ്ഞ ദിവസം ജിറാഫിന്റെ ജീവനൊടുങ്ങിയതിന്റെ തൊട്ടുപിന്നാലെ കേന്ദ്ര പരിസ്ഥിതി വനംവകുപ്പുമന്ത്രി ജയറാം രമേശ് മൃഗശാല സന്ദര്‍ശിച്ചിരുന്നു.

ഇനിയൊരിക്കല്‍കൂടി ഇതാവര്‍ത്തിക്കാന്‍ പാടില്ലെന്നും വേണ്ടനടപടികളെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. മലിനജലം കെട്ടിക്കിടക്കുന്നതാണ് മൃഗങ്ങളുടെ ജീവനുഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്. പി.ഡബ്ല്യു.ഡി പോലുള്ള ഡിപ്പാര്‍ട്ടുമെന്റുകളാണ് നഗരത്തില്‍ ജലവിതരണം നടത്തുന്നത്. ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പു വരുത്തേണ്ടതും ഈ വകുപ്പുകളാണ്.

ഇതിനേക്കാളുപരി ദല്‍ഹി പോലുള്ള വലിയ നഗരത്തില്‍ ശുദ്ധജലം ഉറപ്പുവരുത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യവുമാണ്. കനാലുകളിലും മറ്റും മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് ജലമാലിന്യത്തിനു കാരണമാകുന്നുണ്ട്. മൃഗങ്ങള്‍ക്ക് വൃക്കയില്‍ കല്ലുണ്ടാകാനും ആരോഗ്യം ക്ഷയിക്കാനും ഇത്തരം മാലിന്യങ്ങള്‍ കാരണമാകുന്നു.

മലിനജലത്തില്‍ ഓക്‌സിജന്റെ അളവുകുറയുന്നതുകാരണം മത്സ്യങ്ങള്‍ക്കും ഭീഷണി നേരിടുന്നു. ജലത്തിന്റെ കാഠിന്യം മൃഗങ്ങളില്‍ കുടല്‍സംബന്ധമായ അസുഖങ്ങളുണ്ടാക്കുന്നു. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ആണ് മൃഗശാലയില്‍ ഉപയോഗിക്കുന്ന ജലത്തില്‍ മാരകമായ തോതില്‍ മാലിന്യമടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.

മൃഗങ്ങളില്‍ വ്യാപകമായ തോതില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.