ന്യൂദല്‍ഹി: അനധികൃത കന്നുകാലി കടത്ത് ആരോപിച്ച് ദക്ഷിണ ദല്‍ഹിയിലെ കല്‍ക്കാജിയില്‍ യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. ഗാസിയാപൂരില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന അറവുശാലയിലേക്ക് പോത്തുകളെ കൊണ്ടു പോകുന്ന ട്രക്കിന് നേരെയാണ് ആക്രമണം ഉണ്ടായത്.


Also read ‘ദളിതരായ തോട്ടം തൊഴിലാളികളെന്താ വേശ്യകളാണോ; ഛെ, നീയെല്ലാം ഒരാണാണോ ത്ഫൂ..: എം.എം മണിയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഗോമതി 


മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ റിസ്‌വാന്‍, കാമില്‍, അഷു എന്നിവരെ ദല്‍ഹിയിലെ എംയിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃഗ സംരക്ഷണ വകുപ്പ പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച രാത്രിയായിരുന്നു ഹരിയാന രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ 14 പോത്തുകളുമായ് യുവാക്കള്‍ എത്തിയത്. വാഹനം തടഞ്ഞ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് (പി.എഫ്.എ) സംഘടന പ്രവര്‍ത്തകര്‍ യുവാക്കളെ മര്‍ദ്ദിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അനധികൃത പശുക്കടത്ത് ആരോപിച്ചായിരുന്നു വാഹനം തടഞ്ഞുള്ള മര്‍ദ്ദനം. ഇവര്‍ വിവരം അറിയച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും യുവാക്കളെ സംഘം ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു.

സംഘടന പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് കാട്ടി യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൃഗങ്ങളോട് ക്രൂരത കാട്ടിയെന്നാരോപിച്ച് സംഘടന യുവാക്കള്‍ക്കെതിരെയും പരാതി നല്‍കി. തങ്ങള്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പി.എഫ്.എ നേതാക്കള്‍ പറയുന്നത്.

തങ്ങള്‍ ട്രക്ക് തടഞ്ഞ് നിര്‍ത്തുക മാത്രമാണ് ചെയ്തത്. സംഭവം അറിഞ്ഞ് ചുറ്റും കൂടിയ നാട്ടുകാരാണ് ഇവരെ മര്‍ദ്ദിച്ചത്. കേന്ദ്ര മന്ത്രി മേനകാ ഗാന്ധി ചെയര്‍പേഴ്‌സണ്‍ ആയിട്ടുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പി.എഫ്.എ പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് മേനകാ ഗാന്ധിയുടെ ഓഫീസ് പ്രസ്താവന ഇറക്കിയിട്ടുമുണ്ട്.