ന്യൂദല്‍ഹി: ശാസ്ത്രരംഗത്ത് പുതിയ ചരിത്രമെഴുതി ദല്‍ഹി റയാന്‍ ഇന്റര്‍നാഷണിലെ രണ്ടുവിദ്യാര്‍ത്ഥികള്‍ പുതിയ ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി. അമന്‍ജോത് സിംഗ്, സഹീല്‍ വാധ് വ എന്നീ വിദ്യാര്‍ത്ഥികളാണ് 2010 po 24 എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്.

ആഗസ്റ്റ് ആറിന് നടത്തിയ നിരീക്ഷണത്തിലാണ് ഇവര്‍ ക്ഷുദ്രഗ്രഹത്തെ കണ്ടെത്തിയത്. സയന്‍സ് പോപ്പുലറൈസേഷന്‍ അസോസിയേഷന്‍ ഓഫ് കമ്മ്യൂണിക്കേറ്റേഴ്‌സ് ആന്‍ഡ് എഡ്യുക്കേറ്റേഴ്‌സ് (സ്‌പേസ്) ന്റെ ക്ഷുദ്രഗ്രഹങ്ങളെ കണ്ടെത്താനുള്ള മല്‍സരത്തിനിടെയാണ് ഇവര്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഇന്ത്യയിലെ ഏതെങ്കിലും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുതിയ ക്ഷുദ്രഗ്രഹം കണ്ടുപിടിക്കുന്നതില്‍ വിജയിച്ചിരിക്കുന്നത്.

ക്ഷുദ്രഗ്രഹത്തിന്റെ കണ്ടുപിടുത്തത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് സാഹില്‍ പറഞ്ഞു. സാഹിലിന്റേയും അമന്‍ജോത് സിംഗിന്റേയും നേട്ടം രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികളുടേയും നേട്ടമാണെന്ന് ‘സ്‌പേസ്’ പ്രസിഡന്റ് സി ബി ദേവ്ഗണ്‍ പറഞ്ഞു.