ന്യൂദല്‍ഹി: വിവാദമായ ദല്‍ഹി സെമിനാറില്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന പേരില്‍ ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യദ് അലിഷാ ഗിലാനിക്കും മറ്റു ചിലര്‍ക്കുമെതിരേ കേസെടുക്കാന്‍ ദല്‍ഹി പോലിസിന് ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. ഗിലാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഗിലാനിക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാമെന്ന് നിയമവിഭാഗം മന്ത്രാലയത്തെ അറിയിച്ചിരുന്നു.

‘കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ്’ സംഘടിപ്പിച്ച ‘സ്വാതന്ത്ര്യം ഒരേയൊരു മാര്‍ഗം’ സെമിനാറില്‍ തെഹ്‌രികെ ഹുറിയത്ത് നേതാവ് അലീഷാ ഗിലാനി, പ്രമുഖ എഴുത്തുകാരി അരുന്ധതീറോയ്, ദല്‍ഹി, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തര്‍ തുടങ്ങിയവര്‍ സംസാരിച്ചിരുന്നു.

ഗിലാനിയുടെ പ്രസംഗത്തിനെതിരേ ബി.ജെ.പി ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഗിലാനിക്കും മറ്റുമെതിരേ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞിരുന്നു. സ്വാതന്ത്ര്യം ഏകവഴി എന്ന സെമിനാറിലാണ് ഗിലാനി പ്രസംഗിച്ചത്. ചടങ്ങില്‍ എഴുത്തുകാരി അരുന്ധതി റോയി, കവി വരവരറാവു തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

കശ്മീരില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കായി കേന്ദ്രം നിയോഗിച്ച മൂന്നംഗ സംഘത്തെ ബഹിഷ്‌കരിക്കുമെന്നു ഗിലാനി പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ‘പ്രശ്‌ന പരിഹാര ചര്‍ച്ചകളില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തണം. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി തുടരുന്ന കാലത്തോളം അവിടെ സമാധാനം ഉണ്ടാകില്ല. കശ്മീര്‍ സ്വതന്ത്രമാകാതെ പ്രശ്‌നം പരിഹരിക്കപ്പെടില്ല. 1952 മുതല്‍ 150 തവണ വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. മധ്യസ്ഥ സംഘവുമായി കശ്മീരിലെ ജനങ്ങള്‍ സംസാരിക്കില്ല. തങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമെ സംഘവുമായി സഹകരിക്കൂ. കശ്മീര്‍ അന്താരാഷ്ട്ര വിഷയമായി അംഗീകരിക്കുക, തടവില്‍ കഴിയുന്ന വിഘടന വാദികളെ മോചിപ്പിക്കുക, സൈന്യത്തെ പിന്‍വലിക്കുക, ചര്‍ച്ചകളില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുക എന്നിവയാണു പ്രധാന നിര്‍ദേശങ്ങള്‍’- ഗിലാനി പറഞ്ഞു.

സമ്മളനത്തിനെതിരെ ബി.ജെ.പി ശക്തമായി രംഗത്ത് വന്നിരുന്നു. രാജ്യ തലസ്ഥാനത്ത് വെച്ച് രാജ്യദ്രോഹ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് സെമിനാര്‍ നടത്തിയിട്ടും സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഇതെ തുടര്‍ന്ന് സെമിനാറില്‍ സംസാരിച്ചവര്‍ക്ക് എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു.

അതേസമയം സ്വാതന്ത്ര്യം വേണമെന്ന ആവശ്യത്തെ ഭയക്കേണ്ട കാര്യമില്ലെന്നും കരിനിയമങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം ഇക്കാര്യം വിപുലമായി ചര്‍ച്ച നടത്താന്‍ അവസരമൊരുക്കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുല്ല പറഞ്ഞു. കശ്മീര്‍ ഒട്ടേറെ പ്രത്യേകതകളുള്ള ഒരു തര്‍ക്കപ്രദേശമാണെന്നിരിക്കെ ഇത്തരം ചര്‍ച്ചകള്‍ക്കു സര്‍ക്കാര്‍ അവസരമൊരുക്കുകയാണു ചെയ്യേണ്ടതെന്ന് പ്രമുഖ അഭിഭാഷകനും പൗരാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത്ഭൂഷണ്‍ പറഞ്ഞു.