എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി കൂട്ടമാനഭംഗം കേസിലെ പ്രതിയുടെ വീട്ടില്‍ ബോംബ് വയ്ക്കാന്‍ ശ്രമം
എഡിറ്റര്‍
Tuesday 1st January 2013 9:36am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൂട്ടബലാത്സംഗം നടത്തിയ കേസിലെ പ്രധാന പ്രതി റാം സിങ്ങിന്റെ വീട്ടില്‍ ബോംബു വയ്ക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കളില്‍ ഒരാളെ പൊലീസ് പിടികൂടി.

Ads By Google

തെക്കന്‍ ദല്‍ഹിയിലെ ആര്‍.കെ. പുരത്ത് സ്ഥിതി ചെയ്യുന്ന ചേരിയിലെ വീട്ടിലെത്തിയാണ് യുവാക്കള്‍ ഭീഷണി മുഴക്കിയത്.  ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.

മോട്ടോര്‍ സൈക്കളിലെത്തിയ ഇവരില്‍ ഒരാളെ പ്രദേശവാസികള്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടു.

രണ്ട് ബോംബുകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. 23 കാരിയായ യുവതി കൂട്ടമാനഭംഗത്തിനിരയായ ബസിന്റെ ഡ്രൈവറായിരുന്നു റാം സിങ്. ഇക്കഴിഞ്ഞ ശനിയാഴ്ച സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരിച്ചു.  സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേസിലെ ആറ് പ്രതികള്‍ക്കെതിരെയും പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ഇവര്‍ക്കെതിരെ 1000ത്തില്‍പരം പേജ് വരുന്ന കരട് കുറ്റപത്രം ദല്‍ഹി പൊലീസ് തയാറാക്കി. അന്തിമ പരിശോധനക്ക് ശേഷം വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

അത്യപൂര്‍വ സ്വഭാവമുള്ള കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെടും.  ആറു പ്രതികളില്‍ ഒരാള്‍ 17കാരനാണ്. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടാനാവില്ല.

രാംസിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ്, അക്ഷയ്‌സിങ് എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികളില്‍ മുകേഷും അക്ഷയ് സിങ്ങും തിരിച്ചറിയല്‍ പരേഡിന് വിധേയരായിരുന്നു. ബസില്‍ യുവതിക്കൊപ്പം കടുത്ത മര്‍ദനമേറ്റ് എല്ലാറ്റിനും സാക്ഷിയാകേണ്ടിവന്ന സുഹൃത്ത് ഇരുവരെയും തിരിച്ചറിഞ്ഞു.

മറ്റു നാലു പ്രതികള്‍ പരേഡിന് സമ്മതിച്ചില്ല. യുവതിയെ ചികിത്സിച്ച ദല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലെയും സിംഗപ്പൂര്‍ ആശുപത്രിയിലെയും  ഡോക്ടര്‍മാരെ സാക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുള്‍പ്പെടെ  എഫ്.ഐ.ആറില്‍ 30 സാക്ഷികളുണ്ട്.

ഡിസംബര്‍ 16ന് രാത്രിയാണ് 23കാരിയായ ഫിസിയോതെറപ്പി വിദ്യാര്‍ഥിനി ഓടുന്ന ബസില്‍ മൃഗീയപീഡനത്തിന് ഇരയായത്. ബലാത്സംഗം, കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.

ഇതിനിടെ, ലൈംഗിക പീഡനക്കേസുകളില്‍ ക്രിമിനല്‍ നിയമം കര്‍ക്കശമാക്കി കടുത്തശിക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ കേന്ദ്രം രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടി. ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് ഇതുസംബന്ധിച്ച കത്തയച്ചത്.

അതേസമയം, യുവതിയുടെ ഉറ്റ ബന്ധുക്കള്‍ക്ക് ദല്‍ഹി സര്‍ക്കാര്‍ 15 ലക്ഷം രൂപ ആശ്വാസധനം പ്രഖ്യാപിച്ചു. കുടുംബത്തിലൊരാള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

Advertisement