ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലില്‍ തന്റെ ആവശ്യങ്ങള്‍ പരിഗണിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് അന്നാ ഹസാരെ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ദല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. യു.പി.എ സര്‍ക്കാരിന്റെ  നടപടിയ്‌ക്കെതിരേ ആഗസ്ത് 16 മുതല്‍ മരണംവരെ നിരാഹാരമാരംഭിക്കുമെന്ന് ഹസാരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സമൂഹപ്രതിനിധികളെ പരിഗണിക്കാതെ ലോക്പാല്‍ കരടുബില്‍ അംഗീകരിച്ചതിലൂടെ തന്നെയും രാജ്യത്തെയും വഞ്ചിച്ചുവെന്ന് ഹസാരെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ലോക്പാല്‍ കരടുബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രിയെയും ജൂഡീഷ്യറിയെയും ഒഴിവാക്കിക്കൊണ്ടുള്ള ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനും മന്ത്രിസഭയില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ബില്ലിന്റെ പരിധിയില്‍നിന്നും പ്രധാനമന്ത്രിയെയും ജൂഡീഷ്യറിയെയും ഒഴിവാക്കിയതില്‍ പൊതുസമൂഹപ്രതിനിധികള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.