ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്ഗരിയുടെയും വസതികള്‍ ഘരാവോ ചെയ്യാന്‍ സാമൂഹ്യപ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാളിനും അഴിമതിക്കെതിരെ ഇന്ത്യ (ഐ.എ.സി) യ്ക്കും ദല്‍ഹി പോലീസ് അനുമതി നിഷേധിച്ചു.

Ads By Google

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ നിരോധനാജ്ഞ നിലവിലുണ്ടെന്ന് പറഞ്ഞാണ് പോലീസ് പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ചത്. കൂടാതെ കഴിഞ്ഞമാസം വിളിച്ചുചേര്‍ത്ത പ്രതിഷേധ സമരത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഐ.എ.സിക്ക് കഴിഞ്ഞിട്ടില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടി.

എന്നാല്‍ മുന്‍നിശ്ചയിച്ച പ്രകാരം ഘരാവോ നടക്കുമെന്നും പോലീസ് ഉത്തരവ് അതിനെ ബാധിക്കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വസതിക്ക് പുറത്തും സമരത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. നേരത്തെ സമരക്കാരെ തടയാന്‍ ആറ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കല്‍ക്കരിഖനനത്തിന് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളും സംഘവും പ്രധാനമന്ത്രിയുടെയും ഗഡ്ഗരിയുടെയും വസതി ഘരാവോ ചെയ്യാന്‍ തീരുമാനിച്ചത്. ഞായറാഴ്ചയാണ് ഘരാവോ നടത്താന്‍ തീരുമാനിച്ചത്. അന്ന് രാവിലെ ജന്തര്‍മന്ദിറില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.