Categories

ദല്‍ഹി മെട്രോയുടെ കൊച്ചി ഓഫീസ് പൂട്ടും

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍(ഡിഎംആര്‍സി) പിന്‍മാറുന്നു. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോയ്ക്കായി ഇപ്പോള്‍ തുടങ്ങിവെച്ച ജോലികള്‍ പൂര്‍ത്തിയായാല്‍ കൊച്ചിയിലെ ഡി.എം.ആര്‍.സി ഓഫീസ് അടയ്ക്കും. ഇതിനുള്ള നിര്‍ദേശം ഡി.എം.ആര്‍.സിയുടെ കൊച്ചി ഓഫീസിന് ലഭിച്ചു. കൊച്ചി മെട്രോ പ്രൊജക്ട് ഡയറക്ടര്‍ പി. ശ്രീറാമാണ് ഇക്കാര്യം അറിയിച്ചത്.

കൊച്ചി മോട്രോയ്ക്കായി കൂടുതല്‍ ജോലികള്‍ ഏല്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ഡി.എം.ആര്‍.സി പിന്‍മാറുന്നത്. എം.ജി റോഡ്, ബാനര്‍ജി റോഡ് വികസനങ്ങളില്‍ നിന്ന് പിന്‍മാറാനും ഡി.എം.ആര്‍.സി തീരുമാനിച്ചിട്ടുണ്ട്.

കൊച്ചി മെട്രോയുടെ കണ്‍സല്‍ട്ടന്റായി മാത്രം ഡി.എം.ആര്‍.സി പ്രവര്‍ത്തിച്ചാല്‍ മതിയെന്നായിരുന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആവശ്യപ്പെട്ടത്. ഡി.എം.ആര്‍.സി കണ്‍സല്‍ട്ടന്റായാല്‍ മതിയെന്നും സ്വന്തം നിലയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടി  കെ.എം.ആര്‍.എല്‍ ദല്‍ഹി മെട്രോക്ക് കത്തയച്ചിരുന്നു. എന്നാല്‍ കണ്‍സല്‍ട്ടന്റായി തുടരാന്‍ താല്‍പര്യമില്ലെന്നും കൊച്ചി മെട്രോയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുന്നതായും ഡി.എം.ആര്‍.സി അറിയിക്കുകയായിരുന്നു.

ഡി.എം.ആര്‍.സി പദ്ധതിയില്‍ നിന്നും പിന്മാറിയതോടെ കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ഇനിയും വൈകും. കൊച്ചി പദ്ധതി തുടങ്ങാന്‍ ഒരു ദിവസം വൈകിയാല്‍ ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കെ.എം.ആര്‍.എല്ലിനു കീഴില്‍ കൊച്ചി പദ്ധതി പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് എട്ടു വര്‍ഷമെടുക്കും. അങ്ങനെയെങ്കില്‍ സംസ്ഥാനത്തിനു വന്‍ സാമ്പത്തിക ബാധ്യതയാകും മെട്രോ പദ്ധതി. പദ്ധതി നടത്തിപ്പിലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനു സംസ്ഥാന സര്‍ക്കാരിനു മാത്രം ബാധ്യതയുള്ള ചെന്നൈ മോഡലിലാണ് കൊച്ചി പദ്ധതി. പദ്ധതി വൈകുന്നതിലൂടെയുള്ള നഷ്ടം സംസ്ഥാന സര്‍ക്കാര്‍ നികത്തേണ്ടി വരികയും ചെയ്യും.

ഡി.എം.ആര്‍.സിയുടെ നേതൃത്വത്തില്‍ നിര്‍മാണം നടത്തിയാല്‍ കേരളത്തിലെ എന്‍ജിനീയര്‍മാര്‍ക്ക് നിര്‍മാണ-പ്രവര്‍ത്തന സാങ്കേതിക വൈദഗ്ധ്യം ലഭിക്കില്ലെന്നതാണ് കെ.എം.ആര്‍.എല്‍ പറയുന്നത്. സാങ്കേതിക പ്രശ്‌നങ്ങളുണ്ടായാല്‍ ഡി.എം.ആര്‍.സി വിദഗ്ധര്‍ക്കായി കാത്തിരിക്കേണ്ടി വരുമെന്നും പറയുന്നു. എന്നാല്‍, നിര്‍മാണത്തോടൊപ്പം അനിവാര്യമായ സാങ്കേതിക വൈദഗ്ധ്യവും കൈമാറാന്‍ തയ്യാറാണെന്ന് ഡി.എം.ആര്‍.സി അറിയിച്ചിരുന്നു. കൂടാതെ മൂന്ന് വര്‍ഷം കൊണ്ട് മെട്രോ റെയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ഡി.എം.ആര്‍.സി ഉറപ്പുനല്‍കിയിരുന്നു.

പദ്ധതി വൈകുമ്പോള്‍ ഇതുമായി ബന്ധപ്പെട്ടു കൊച്ചി നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങള്‍ തുടരുന്നത്  പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടാകും.

ഡി.എം.ആര്‍.സിയുടെയും ശ്രീധരന്റെയും നേതൃത്വം കൊച്ചി മെട്രോ പദ്ധതിക്കു ഗുണകരമാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും പദ്ധതിയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും ധരിപ്പിച്ചതായി കേന്ദ്രമന്ത്രി കെ.വി. തോമസ് പറഞ്ഞു. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കൊച്ചി പദ്ധതിക്കായി ശ്രീധരന്‍ ചെയ്ത സേവനങ്ങളെ വിലമതിക്കുന്നു.

റയില്‍വേ നിര്‍മാണത്തില്‍ അരനൂറ്റാണ്ടായി ചരിത്ര നേട്ടങ്ങള്‍ രാജ്യത്തിനു നല്‍കിയ ശ്രീധരന്‍  ഔദ്യോഗിക സേവനത്തില്‍ നിന്നു വിരമിക്കുമ്പോള്‍ ജന്മനാട് അദ്ദേഹത്തിനു നല്‍കുന്ന വേദനിക്കുന്ന സമ്മാനമാകും കൊച്ചി മെട്രോ പദ്ധതിയില്‍ നിന്നു ഡി.എം.ആര്‍.സിയെ അകറ്റാനുള്ള നീക്കം.

Malayalam News

Kerala News In English

2 Responses to “ദല്‍ഹി മെട്രോയുടെ കൊച്ചി ഓഫീസ് പൂട്ടും”

  1. Benny Joseph

    ഉമ്മന് മെട്രോ അതിവേഗം വരണമെന്ന് ഇല്ല. സ്വകാര്യ പങ്കാളിത്തം ഇല്ലാതെ എന്തോന്ന് വികസനം? എല്‍ ഡി എഫ് ഭരിച്ച അഞ്ചു വര്‍ഷവും ആലുവാലിയ ആയിരുന്നു പ്രശ്നക്കാരന്‍. ഇപ്പോള്‍ ആലുവ മുന്സിപലിടി പിന്നെ ഉമ്മന്‍, ആര്യാടന്‍… കുറച്ചു കഴിഞ്ഞു കേള്‍ക്കാം മുത്തൂറ്റും യുസുഫ് അലിയും ഫാരിസും ഒക്കെ കൂടി മെട്രോ തുടങ്ങുന്നു എന്ന്…

  2. KP ANIL

    കയിട്ടു വരാന്‍ ഉള്ള അവസരം DMRC വന്നാല്‍ പോകും സ്വന്തം കമ്പനി ആകുമ്പോള്‍ മാണിക്കും കുഞ്ഞലികുട്ടിക്കും ഒപ്പം ഉമ്മച്ചനും കുട്ടര്‍ക്കും നല്ലതുപോലെ കൈയിട്ടു വാരാനുള്ള അവസരം ഉണ്ടാകും പറ്റിയാല്‍ ബെന്നി പറഞ്ഞതുപോലെ മുത്തൂറ്റും യുസുഫ് അലിയും ഫാരിസും ഒക്കെ കുടി മെട്രോ തുടങ്ങുക

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.