Categories
chemmannoor

Headlines

മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം ഗൂഢാലോചനയെന്ന് കുടുംബം; രജതിനെ ബൈക്കില്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

rajat

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. രജതിന് പാന്‍ മസാല വില്‍പ്പനക്കാരായ കുട്ടികളുമായി പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന പോലീസിന്റെ വാദം തെറ്റാണെന്നും പ്രതികളായവരെ പോലീസ് സംരക്ഷിക്കുകയാണെന്നും രജതിന്റെ ബന്ധുക്കള്‍ പറഞ്ഞു. ചെറിയൊരു വാക് തര്‍ക്കം മാത്രമാണെങ്കില്‍ എങ്ങിനെ രജത് കൊല്ലപ്പെട്ടുവെന്നും കുടുംബം ചോദിക്കുന്നു.

രജതിനെ പിടിച്ചു കൊണ്ടു പോയി മര്‍ദിച്ച തപോവന്‍ പാര്‍ക്ക് മയക്കുമരുന്ന് മാഫിയകളുടെ കേന്ദ്രമാണെന്നും പ്രദേശത്ത് വന്‍ തോതില്‍ ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും മയൂര്‍ വിഹാറിലെ മലയാളികള്‍ ആരോപിച്ചിരുന്നു. പാന്‍ മസാലയക്കാര്‍ പരിസരത്ത് കഞ്ചാവടക്കമുള്ള മയക്ക് മരുന്നും വില്‍ക്കാറുണ്ടെന്നും ഇതിനെതിരെ പോലീസിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിരുന്നില്ലെന്നും മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ ശ്രീരാജ് പറഞ്ഞു. രജത് പാന്‍മസാല പാക്കറ്റ് തട്ടിയെടുത്തെന്ന ആരോപണം തെറ്റാണെന്നും ശ്രീരാജ് പറഞ്ഞു.

rajat-cctv

അതേ സമയം മര്‍ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ രജതിനെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കടയുടമയും മറ്റു രണ്ടു പേരും കുട്ടിയെ നടുവിലിരുത്തി മറ്റ് രണ്ട് പേര്‍ മുന്നിലും പുറകിലുമായി ഇരുന്ന് കുട്ടിയെ ബൈക്കില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ക്യാമറയിലുള്ളത്.

സംഭവ സ്ഥലത്ത് കഴിഞ്ഞ ദിവസം പ്രതിഷേധിച്ച നാട്ടുകാര്‍ പാന്‍മസാല കട തീവെച്ച് നശിപ്പിച്ചു. പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമാവുകയും കടയ്ക്ക് തീവെക്കുകയുമായിരുന്നു.

Tagged with: