ന്യൂദല്‍ഹി: ദല്‍ഹി മെട്രോ ആശുപത്രിയില്‍ മലയാളി നഴ്‌സുമാരുടെ നേതൃത്വത്തില്‍ നടത്തി വന്ന സമരം ഒത്തുതീര്‍ന്നു. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 8000 രൂപയാക്കാനും നിയമനം നല്‍കുമ്പോള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് വാങ്ങിയിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കാനും തീരുമാനമായി. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് നാലു ദിവസമായി മലയാളി നഴ്‌സുമാര്‍ നടത്തി വന്ന സമരമാണ് ഒത്തു തീര്‍ന്നത്. നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തു തീര്‍പ്പിലെത്തിയത്.

തീവ്രപരിചരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് 500 രൂപവീതം നഴ്‌സിങ് കെയര്‍ ഇനത്തില്‍ നല്‍കും. കൂടാതെ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യ താമസം ഉറപ്പാക്കും. പുറത്തു താമസിക്കുന്നവര്‍ക്ക് 500 രൂപ വാടക ഇനത്തില്‍ നല്‍കാനും തീരുമാനമായി.

നേരത്തെ ആശുപത്രി മാനേജ്‌മെന്റ്് സമരക്കാരെ ഭീഷണിപ്പെടുത്തുകയും വഴങ്ങാത്തതിനെ തുടര്‍ന്ന് അവര്‍ക്കെതിരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ ഇടപെടുമെന്ന ഘട്ടത്തിലാണ് പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ മാനേജ്‌മെന്റ് തയ്യാറായത്.