എഡിറ്റര്‍
എഡിറ്റര്‍
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി: റെഡ്ഡിയുടെ ജാമ്യാപേക്ഷ തള്ളി
എഡിറ്റര്‍
Tuesday 15th May 2012 10:00am

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായിയായിരുന്ന എ.കെ റെഡ്ഡി സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് മുക്ത ഗുപ്തയാണ് റെഡ്ഡിയുടെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നത്.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ റെഡ്ഡി സഹകരിച്ചില്ലെന്ന് കേസ് പരിഗണിക്കവേ ജസ്റ്റിസ് മുക്ത വ്യക്തമാക്കി. ജാമ്യം അനുവദിക്കത്തക്ക രീതിയിലുള്ള ഒന്നും കേസന്വേഷണത്തില്‍ കാണുന്നില്ലെന്നും പ്രതി ജാമ്യം അര്‍ഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ കോമണ്‍വെല്‍ത്ത് അഴിമതിക്കേസിലെ പ്രതിയും ഗെയിംസ് സംഘാടക സമിതി മേധാവിയായിരുന്ന സരേഷ് കല്‍മാഡിയ്ക്കും ഓര്‍ഗനൈസിംഗ് കമ്മിറ്റി ജനറല്‍ വി.കെ വര്‍മയ്ക്കും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ താനും അതിന് അര്‍ഹനാണെന്ന് റെഡ്ഡി കോടതിയില്‍ വാദിച്ചു. കേസില്‍ റെഡ്ഡി മാത്രമാണ് ഇപ്പോഴും ജയിലില്‍ കഴിയുന്നത്.

ഹൈദരാബാദ് ആസ്ഥാനമായുള്ളഎ.കെ.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമസ്ഥനായ റെഡ്ഡി കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ടൈമിംഗ്, മത്സരഫലം ,സ്‌കോറിംഗ് തുടങ്ങിയ കാര്യങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ഉപകരണങ്ങള്‍ നല്‍കുന്നതില്‍ 141 കോടിരൂപയുടെ തിരിമറി നടത്തിയെന്നാണ് കുറ്റം. വിശ്വാസവഞ്ചന അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് റെഡ്ഡിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്.

Advertisement