ന്യൂദല്‍ഹി: സ്‌പെക്ട്രം കേസില്‍ ആരോപണവിധേയയായി തീഹാര്‍ ജയിലില്‍ കഴിയുന്ന ഡി.എം.കെ എം.പി കനിമൊഴിയുടെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി. കലൈഞ്ജര്‍ ടിവി എം.ഡി ശരത്കുമാറിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.

കേസില്‍ പ്രഥമദൃഷ്ട്യാ ഇവര്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. ഇവര്‍ക്കെതിരെ തെളിവുണ്ടെന്ന് നേരത്തെ സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഇവര്‍ ഉന്നത സ്വാധീനമുള്ള വ്യക്തികളായതിനാല്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങള്‍ പരിഗണിച്ചാണ് കനിമൊഴിയ്ക്കും ശരത്കുമാറിനും ജാമ്യം നിഷേധിച്ചത്.

ജസ്റ്റിസ് അജിത് ബാരിഹോക്കെയാണ് വിധി പുറപ്പെടുവിച്ചത്. സ്‌പെക്ട്രം കേസില്‍ ആരോപണവിധേയരായ യുണിടെക് ഗ്രൂപ്പ് എം.ഡി. സജ്ഞയ് ചന്ദ്ര, റിലയന്‍സ് എ.ഡി.എ.ജി എം.ഡി ഗൗതം ദോഷി, തുടങ്ങിയ കോര്‍പ്പറേറ്റുകളുടെ ജാമ്യാപേക്ഷ നേരത്തെ ജസ്റ്റിസ് ബാരിഹോക്കെ തളളിയിരുന്നു.

ഷഹിദ് ബല്‍വയുടെ ഉടമസ്ഥതയിലുള്ള ഡിബി റിയാലിറ്റീസ് കലൈഞ്ജര്‍ ടിവിയ്ക്ക് 200കോടി രൂപ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ഈ ഇടപാടില്‍ കനിമൊഴിയ്ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൈക്കൂലി വാങ്ങല്‍, കോഴവാങ്ങാന്‍ പ്രേരിപ്പിക്കല്‍, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് കനിമൊഴിക്കും ശരത്കുമാറിനുമെതിരേ ചുമത്തിയിരിക്കുന്നത്.