ന്യൂദല്‍ഹി: സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബംഗ്ലാദേശി തീവ്രവാദ സംഘടന ഹര്‍ക്കത്തുള്‍ ജിഹാദി സന്ദേശം അയച്ചത് കാശ്മീരില്‍ നിന്നാണെന്ന് കണ്ടെത്തി. കാശ്മീരിലെ കിഷ്ത്വാറിലെ ഒരു കഫെയില്‍ നിന്നാണ് ഇ മെയില്‍ സന്ദേശം അയച്ചത്. കഫെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരും. ഏത് രാസവസ്തുവാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചതെന്ന് ഇന്ന് കണ്ടെത്താനാവും. പോട്ടാസ്യം നൈട്രേറ്റോ, അമോണിയം നൈട്രോറ്റോ ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ ഇതുസംബന്ധിച്ച കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.

സ്‌ഫോടനം നടത്താനായി സംഘം ഉപയോഗിച്ച കാര്‍ മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ദെരിയാഗഞ്ചിലെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് മോഷ്ടിച്ച സില്‍വര്‍ സാന്‍ട്രാ കാറാണ് ഭീകരര്‍ ഉപയോഗിച്ചത്. 2009 നവംബറിലാണ് കാര്‍ മോഷണം പോയത്. ഡിഎല്‍ 9 സിഎ 6034 ഹുണ്ടായി കാറിലാണ് ഭീകരര്‍ രക്ഷപ്പെട്ടതെന്ന് എന്‍.ഐ.എ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം എന്‍.ഐ.എ സംഘം നടത്തുന്നുണ്ട്.