ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ പരിശോധിക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ച ഷുംഗ്ലു കമ്മിറ്റി റിപ്പോര്‍ട്ട് ദല്‍ഹി സര്‍ക്കാര്‍ പൂര്‍ണമായി തള്ളി.

കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ട് മൂന്നംഗസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ഈ റിപ്പോര്‍ട്ട് ഉടന്‍തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയക്കുമെന്ന് മുഖ്യമന്ത്രി ഷീല ദീക്ഷിത് പറഞ്ഞു.

പ്രധാനമന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി ആഭ്യന്തരമന്ത്രാലയത്തിനു കൈമാറിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഷുംഗ്ലു കമ്മിറ്റി കണ്ടെത്തലുകള്‍ വസ്തുതാവിരുദ്ധമാണെന്ന മറുപടി സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കിയത്.

പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിട്ടതിനും അധികചെലവിനും മുഖ്യമന്ത്രി ഷീല ദീക്ഷിത്തും ഉന്നത ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയശേഷം തിടുക്കത്തില്‍ തീരുമാനമെടുത്ത് അഴിമതിക്കു വഴിയൊരുക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.