ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാത്സംഗക്കേസിലെ വിചാരണ ദല്‍ഹിയലെ പ്രത്യേക അതിവേഗ കോടതിയിലെ അടച്ചിട്ടമുറിയില്‍ ഇന്നലെ തുടങ്ങി. ഇന്ന് പൊതു അവധിയായതിനാല്‍ തന്നെ തുടര്‍ വിചാരണ തിങ്കളാഴ്ച നടക്കും.

Ads By Google

ഇന്നലെ കോടതിമുറിക്കുള്ളില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് അഭിഭാഷകര്‍ക്ക് നിര്‍ദേശമുണ്ട്.

അതിവേഗകോടതിയില്‍ വിചാരണ നേരിടുന്ന അഞ്ച് പ്രതികളെയും ശക്തമായ പോലീസ്‌വലയത്തില്‍ മുഖം മറച്ചാണ് കോടതിമുറിയിലേക്ക് കൊണ്ടുപോയത്. ആറാമത്തെ പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അവകാശപ്പെട്ടതിനാല്‍ ബാലനീതി ബോര്‍ഡിനുമുമ്പാകെയാണ് വിചാരണ നടക്കുന്നത്.

കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചതിനാല്‍ രഹസ്യവിചാരണയുടെ ആവശ്യമില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍ അത് അംഗീകരിച്ചിട്ടില്ല.

പ്രതികള്‍ക്കെതിരെ കുറ്റംചുമത്തുന്നത് സംബന്ധിച്ച വാദമാണ് അതിവേഗകോടതി ജഡ്ജി യോഗേഷ് ഖെന്നയ്ക്ക് മുമ്പാകെ ഇന്നലെ നടന്നത്. പ്രതിഭാഗം അഭിഭാഷകരുടെ വാദം തിങ്കളാഴ്ച നടക്കും.

അതേസമയം കേസില്‍നിന്ന് പിന്‍വാങ്ങിയതായി പ്രതികളിലൊരാളായ മുകേഷ് സിങ്ങിന്റെ അഭിഭാഷകന്‍ എം.എല്‍. ശര്‍മ കോടതിയില്‍ അറിയിച്ചു. കേസ് വി.കെ. ആനന്ദ് വാദിക്കുമെന്നും ശര്‍മ അറിയിച്ചു.

മുകേഷിന്റെ സഹോദരനും കേസിലെ മുഖ്യപ്രതിയുമായ ബസ്‌െ്രെഡവര്‍ രാംസിങ്ങിന്റെ കേസ് വാദിക്കുന്നത് വി.കെ ആനന്ദാണ്. ആരാണ് മുകേഷിന്റെ യാഥാര്‍ഥ അഭിഭാഷകന്‍ എന്നതുസംബന്ധിച്ച് കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ വി.കെ ആനന്ദും ശര്‍മ്മയും തമ്മില്‍ തര്‍ക്കിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് മുകേഷ് സിങ്ങിന്റെ കേസില്‍ നിന്നും താന്‍ പിന്‍വാങ്ങിയതായി ശര്‍മ അറിയിച്ചത്.