എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി കൂട്ടബലാത്സംഗം : മുഖ്യ പ്രതി രാംസിങ് ആത്മഹത്യ ചെയ്തു
എഡിറ്റര്‍
Monday 11th March 2013 8:51am

ന്യൂദല്‍ഹി: ന്യൂദല്‍ഹി കൂട്ട ബലാത്സംഗകേസിലെ മുഖ്യ പ്രതി രാംസിങ് ആത്മഹത്യ ചെയ്തു. ഇന്ന് പുലര്‍ച്ചെ തീഹാര്‍ ജയിലിലെ 3ാം നമ്പര്‍ സെല്ലിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Ads By Google

സ്വന്തം വസ്ത്രമുപയോഗിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. മൃതദേഹം പോസ്റ്റമോര്‍ട്ടം നടത്തുന്നതിനായി തൊട്ടടുത്തുള്ള ദിന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ജയില്‍ അധികൃതരെ ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

രാംസിങ് ഉള്‍പ്പെടെ ആറ് പേരാണ് ദല്‍ഹി കൂട്ട ബലാത്സംഗത്തിലെ പ്രതികള്‍. ഇവരുടെ വിചാരണാ നടപടികള്‍ ദല്‍ഹി അതിവേഗ കോടതിയില്‍ പുരോഗമിക്കുകയാണ്.

ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ 16 നാണ് ഓടികൊണ്ടിരുന്ന ബസ്സില്‍ നിന്നും പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. സംഭവം നടന്ന ബസ്സിലെ ഡ്രൈവര്‍ കൂടിയായിരുന്നു രാംസിങ്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ മുഖ്യ പ്രതി സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തെ
കുറിച്ചന്വേഷിക്കാന്‍ ജയില്‍ ഡി.ഐ.ജി ജി. സുധാകരന്‍ ഉത്തരവിട്ടു.

എന്നാല്‍ സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ജയില്‍ അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം രാംസിങ് ആത്മഹത്യ ചെയ്യാനിടയില്ലെന്ന്  അദ്ദേഹത്തിന്റെ അഭിഭാഷകന്‍  വി.കെ ആനന്ദ് പറഞ്ഞു. കൂടാതെ റാം സിംഗ് അടക്കമുള്ള ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികളെ സഹതടവുകാര്‍ മര്‍ദിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതോടൊപ്പം തന്നെ കടുത്ത മാനസിക പീഡനവും ജയിലില്‍ അനുഭവിച്ചതായും അദ്ദേഹം പറഞ്ഞു.

കേസില്‍ വിചാരണ നടപടികളില്‍ രാം സിംഗ് സംതൃപ്തനായിരുന്നുവെന്നും രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് അയാള്‍ക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Advertisement