ന്യൂദല്‍ഹി: കൂട്ടമാനഭംഗക്കേസ് പ്രതി രാംസിങ് ജയിലില്‍ തൂങ്ങിമരിച്ചെന്ന വാര്‍ത്ത കേട്ടിട്ട് വലിയ സന്തോഷമൊന്നും തോന്നുന്നില്ലെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍.

Ads By Google

അയാളെ പൊതുജനമധ്യത്തില്‍ തൂക്കിക്കൊല്ലണമെന്നായിരുന്നു ആഗ്രഹം. സ്വന്തം ഇഷ്ടപ്രകാരം അയാള്‍ മരിച്ചെന്നത് സന്തോഷം നല്‍കുന്നില്ല. ബാക്കി പ്രതികള്‍ വധശിക്ഷയ്ക്ക് വേണ്ടി കാക്കുമായിരിക്കും- പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

അതേസമയം കൂട്ടമാനഭംഗക്കേസിലെ മുഖ്യപ്രതി രാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചത് അധികൃതരുടെ കണ്ണുവെട്ടിച്ചാണ്. കൂട്ടമാനഭംഗക്കേസിലെ പ്രതികള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അവരുടെ നീക്കങ്ങള്‍ ശ്രദ്ധിക്കാനായി ഗാര്‍ഡിനെ നിയോഗിച്ചിരുന്നു. ഈ ഗാര്‍ഡിനെയും സെല്ലിലെ മറ്റു തടവുകാരെയും കബളിപ്പിച്ചാണ് രാംസിങ് സ്വന്തം വസ്ത്രം ഉപയോഗിച്ചു തൂങ്ങിമരിച്ചത്.

രാംസിങ്ങിനെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ മറ്റു തടവുകാരുണ്ടായിരുന്നെങ്കിലും അവര്‍ ഉറങ്ങുകയായിരുന്ന സമയത്താണ് രാംസിങ് തൂങ്ങിമരിച്ചത്. രാംസിങ്ങിന് മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂട്ടമാനഭംഗക്കേസ് വിചാരണ സ്‌പെഷല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കഴിഞ്ഞ മാസം ആരംഭിച്ചു. പതിനെട്ടു വയസാകാത്ത ഒരു പ്രതിയുടെ വിചാരണ കഴിഞ്ഞയാഴ്ചയും ആരംഭിച്ചു.

രാംസിങ്, രാംസിങ്ങിന്റെ സഹോദരന്‍ മുകേഷ് സിങ്, ജിം അസിസ്റ്റന്റ് വിനയ് ശര്‍മ, ബസ് ക്ലീനര്‍ അക്ഷയ് കുമാര്‍ സിങ്, പഴക്കച്ചവടക്കക്കാരന്‍ പവന്‍ കുമാര്‍ എന്നിവരെയാണ് വിചാരണ ചെയ്യുന്നത്.