എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി കൂട്ടബലാത്സംഗം: പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍
എഡിറ്റര്‍
Wednesday 16th January 2013 11:41am

ന്യൂഡല്‍ഹി: ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ കൗമാരക്കാരന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സ്‌കൂള്‍  പ്രിന്‍സിപ്പല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുമ്പാകെ അറിയിച്ചു. പ്രതിക്ക് 17 വര്‍ഷവും ആറുമാസവുമാണ് പ്രായമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

Ads By Google

2002ലാണ് പ്രതിയായ കുട്ടി സ്‌കൂളില്‍ ചേര്‍ന്നതെന്ന് അന്നത്തെ പ്രിന്‍സിപ്പല്‍ അറിയിച്ചു. 1995 ഏപ്രില്‍ ആറിനാണ് ഇയാള്‍ ജനിച്ചതെന്നാണ് സ്‌കൂളിലുള്ള രേഖ. സ്‌കൂള്‍ പ്രവേശനസമയത്ത് കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നില്ല.

ദല്‍ഹിയില്‍ മെഡിക്കല്‍വിദ്യാര്‍ഥിനിയെ ബസ്സില്‍ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ പ്രായം തെളിയിക്കാനുള്ള രേഖകളുമായി ഹാജരാവാന്‍ പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു.

പ്രതി മൂന്നാംക്ലാസ് വരെ പഠിച്ച യു.പി.യിലെ ഭവാനിപുരിലുള്ള സ്‌കൂളിലെ നിലവിലുള്ളതും മുന്‍പുണ്ടായിരുന്നതുമായ പ്രിന്‍സിപ്പല്‍മാരാണ് ഹാജരായത്.

സ്‌കൂള്‍പ്രിന്‍സിപ്പല്‍മാരുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് ജനവരി 28ലേക്ക് തുടര്‍വിചാരണയ്ക്കായി മാറ്റിവെച്ചു. പ്രതിയുടെ പ്രായം സംബന്ധിച്ച് അന്ന് നടക്കുന്ന വാദങ്ങള്‍ക്കുശേഷം ജുവനൈല്‍ ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.

പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അവകാശപ്പെടുന്ന ഈ പ്രതിയാണ് മെഡിക്കല്‍വിദ്യാര്‍ഥിനിയോടും സുഹൃത്തിനോടും ഏറ്റവും ക്രൂരത കാട്ടിയതെന്ന് ഡല്‍ഹി പോലീസ് പറയുന്നു.

പ്രതിയുടെ പ്രായം തെളിയിക്കാന്‍ എല്ലുപരിശോധന നടത്തണമെന്ന പോലീസിന്റെ അപേക്ഷ ജുവനൈല്‍ ബോര്‍ഡിന്റെ പരിഗണനയിലാണ്.

Advertisement