ന്യൂദല്‍ഹി : ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി രാംസിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍  സംഭവത്തില്‍ മജിസ്‌ട്രേട്ട് തല അന്വേഷണത്തിന് ദല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു.

Ads By Google

കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി ഷീലാ ദീക്ഷിത് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതാണ് ഇക്കാര്യം.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് ദല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ തീഹാര്‍ ജയിലിലെ 3ാം നമ്പര്‍ സെല്ലിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്വന്തം വസ്ത്രമുപയോഗിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ജയില്‍ അധികൃതരെ ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

രാംസിങ് ഉള്‍പ്പെടെ ആറ് പേരാണ് ദല്‍ഹി കൂട്ട ബലാത്സംഗത്തിലെ പ്രതികള്‍. ഇവരുടെ വിചാരണാ നടപടികള്‍ ദല്‍ഹി അതിവേഗ കോടതിയില്‍ പുരോഗമിക്കുകയാണ്.

ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ 16 നാണ് ഓടികൊണ്ടിരുന്ന ബസ്സില്‍ നിന്നും പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. സംഭവം നടന്ന ബസ്സിലെഡ്രൈവര്‍ കൂടിയായിരുന്നു രാംസിങ്.