മുംബൈ: വാംഗഡെ സ്‌റ്റേഡിയത്തില്‍ ചെകുത്താന്മാര്‍ മൂക്കും കുത്തി വീണു. മുംബൈ ഇന്ത്യന്‍സിന് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ 32 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനെ 14 റണ്‍സുമായി തുടക്കത്തിലേ ഇര്‍ഫാന്‍ പഠാന്റെ പന്തില്‍ പുറത്തായെങ്കിലും എയിഡന്‍ ബ്ലിസാര്‍ഡ് തുടങ്ങിവെച്ച വെടിക്കെട്ട ബാറ്റിംഗ് പിന്നീടിറങ്ങിയവര്‍ പൂര്‍ത്തിയാക്കി.

റായിഡുവിന്റെ 59 അര്‍ധസെഞ്ചുറിയും രോഹിത് ശര്‍മയുടെ 49 റണ്‍സ് പ്രകടനവും മുംബൈ ഇന്നിംഗ്‌സിന് കരുത്തായി. മുംബൈയ്ക്ക് വേണ്ടി മലിംഗ, ഹര്‍ഭജന്‍ , മുനാഫ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ഡല്‍ഹിയുടെ പതനം വേഗത്തിലാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 19.5 ഓവറില്‍ 146 റണ്‍സിനു പുറത്തായി. തുടക്കത്തിലെ പിഴച്ച ഡല്‍ഹിക്ക് വാണ്ടി മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യമായൊന്നും തന്നെ ചെയ്യാനാകാതെ കൂടാരം കയറേണ്ടി വന്നു. ഡല്‍ഹിക്കുവേണ്ടി ജയിംസ് ഹോപ്‌സ് 55, വേണു ഗോപാല്‍ റാവു 37 എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.