ന്യൂദല്‍ഹി: വോട്ടിന് കോഴ കേസില്‍ അറസ്റ്റിലായ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിംങ്ങിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അമര്‍സിംങ്ങിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഈ മാസം 19വരെയാണ് ജാമ്യം അനുവദിച്ചത്.

സെപ്റ്റംബര്‍ 6ന് അറസ്റ്റിലായ അമര്‍സിംങ്ങിനെ തീഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹത്തെ എ.ഐ.ഐ.എം.എസിലേക്ക് പ്രവേശിപ്പിച്ചു. വൃക്കരോഗത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ മെഡിക്കല്‍ സെന്ററിലെ വി.ഐ.പി വാര്‍ഡിലേക്ക് മാറ്റി.

അമര്‍സിംങ്ങിന് ഡയേറിയയും മൂത്രാശയ സംബന്ധമായ രോഗവും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി തീഹാര്‍ ജയിലില്‍ അദ്ദേഹത്തെ പരിശോധിച്ച ലോക്‌നായക് ജയ പ്രകാശ്, ജെ.ബി പാന്റ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പാനല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എല്ലാ സൂപ്പര്‍സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുമുള്ള ആശുപത്രിയില്‍ അദ്ദേഹത്തെ ചികിത്സിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

മൂത്രനാളിയില്‍ അണുബാധയുണ്ട്. രക്തത്തിലെ ശ്വേത രക്താണുക്കളുടെ എണ്ണം 13300 ആയി വര്‍ധിച്ചിട്ടുണ്ടെന്നും വ്യാഴാഴ്ച മുതല്‍ അദ്ദേഹം കടുത്തപനി ബാധിതനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെ പുറമേ മാനസിക സമ്മര്‍ദ്ദവും ആകാംഷയും അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

അതിനിടെ, ദല്‍ഹിയിലെ ടിസ് ഹിസാരി കോടതിയില്‍ അമര്‍സിംങ്ങിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് എ.ഐ.ഐ.എം.എസും സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി അമര്‍സിംങ്ങിന് ജാമ്യം അനുവദിക്കുകയായിരുന്നു.