എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി കൂട്ടബലാത്സംഗം: പ്രതികളെ കോടതിയില്‍ ഹാജരാക്കി
എഡിറ്റര്‍
Monday 7th January 2013 11:46am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച കേസില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Ads By Google

കേസിലെ ആറ് പ്രതികളില്‍ അഞ്ച് പേരെയാണ് സാകേതിലെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. രാംസിംഗ്, മുകേഷ്, വിനയ്, പവന്‍, അക്ഷയ് എന്നിവരാണ് കോടതിയില്‍ ഹാജരായത്.

12.30-ഓടെ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. മജിസ്‌ട്രേറ്റിന് മുന്നിലെത്തിയ പ്രതികളെ കേസിലെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.

കുറ്റം കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ മരണശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. മാനഭംഗം, കൊലപാതകം എന്നിവയ്ക്ക് പുറമെ തട്ടിക്കൊണ്ട് പോകല്‍, കവര്‍ച്ച, ഗൂഡാലോചന എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

തിഹാര്‍ ജയിലില്‍ നിന്നും ശക്തമായ സുരക്ഷയോടെയാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. പ്രതികള്‍ക്കെതിരേ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരെങ്കിലും ആക്രമണത്തിനു തുനിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സുരക്ഷ കണക്കിലെടുത്തു പ്രതികളെ നേരിട്ടു ഹാജരാക്കുന്നത് ഒഴിവാക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ദല്‍ഹി പോലീസിന്റെ മൂന്നാം ബറ്റാലിയനാണ് സുരക്ഷ ഒരുക്കിയത്.

പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഇന്നു ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ഉദര രോഗത്തെ തുടര്‍ന്ന് ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാജ പേരിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിക്ക് വന്‍ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

Advertisement