Administrator
Administrator
വെല്‍ഡണ്‍ ദില്ലി!
Administrator
Sunday 10th October 2010 10:34pm

സുരാജ്.പി.വി


പതിനൊന്നു നാള്‍ നീണ്ടുനിന്ന കായികമാമാങ്കത്തിന് ദില്ലിയില്‍ പരിസമാപ്തിയായി. ശതകോടികളുടെ അഴിമതിയാരോപണത്തോടെ ആരംഭിച്ച ഗെയിംസ് ഉത്തേജകമരുന്നു വിവാദത്തോടു കൂടിയാണ് അവസാനിക്കുന്നത്. ദേശീയറെക്കോര്‍ഡുകളും കോമണ്‍െവെല്‍ത്ത് റെക്കോര്‍ഡുകളും ദില്ലിയില്‍ മറികടക്കപ്പെട്ടു. ട്രാക്കിലും ഫീല്‍ഡിലും വിസ്മയം തീര്‍ത്ത് ആതിഥേയരായ ഇന്ത്യ 38 സ്വര്‍ണമടക്കം 101 മെഡലുകളാണ് നേടിയത്. ചാടിയും ഓടിയും വെടിവെച്ചും അമ്പെയ്തും ഗുസ്തിപിടിച്ചും ഇന്ത്യന്‍ താരങ്ങള്‍ ഗെയിംസ് അവിസ്മരണീയമാക്കി. സുശീല്‍ കുമാറും, സോംദേവ് വര്‍മനും സൈനയും കൃഷ്ണ പുനിയയും ഗഗന്‍ നരംഗു ബിന്ദ്രയും സുരജ്ഞോയ് സിംഗും ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി.

ഇന്ത്യന്‍ കായികരംഗത്തിന് മുതല്‍ക്കൂട്ടായി മലയാളി താരങ്ങള്‍ നടത്തിയ ചില മികച്ച പ്രകനടങ്ങള്‍ക്കും ദല്‍ഹി ഗെയിംസ് സാക്ഷിയായി. ദ്രോണാചാര്യര്‍ സണ്ണി തോമസും ചിത്ര സോമനും പ്രിയയും രജ്ഞിത് മഹശ്വരിയും പ്രജുഷയും കേരളത്തിന്റെ അഭിമാനങ്ങളായപ്പോള്‍ ഏറെ പ്രതീക്ഷപുലര്‍ത്തിയ ടിന്റു ലൂക്കയുടെ 800 മീറ്ററിലെ പരാജയം നീറുന്ന ഓര്‍മയായി. ഒസയേമി ഓലുഡാമോളയും സാമുവല്‍ ഒകോണും ഇന്ത്യയുടെ റാണി യാദവും ഉത്തേജകമുപയോഗിച്ച് പിടിക്കപ്പെട്ടത് ദല്‍ഹി ഗെയിംസിന്റെ ദുരന്തമായി.

നേട്ടങ്ങള്‍ ഒരുപാട്

ലക്ഷ്യമിട്ടതിലും കൂടുതല്‍ മെഡലുകളാണ് ഇന്ത്യ ഗെയിംസില്‍ നിന്നും വാരിയത്. 38 സ്വര്‍ണവും 27 വെള്ളിയും 36 വെങ്കലവുമാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. അത്‌ലറ്റിക്‌സില്‍ സ്വന്തമാക്കിയ നേട്ടങ്ങളാണ് ഇന്ത്യയുടെ മെഡല്‍നേട്ടം 100 കടത്തിയത്. 06ലെ മെല്‍ബണ്‍ ഗെയിംസില്‍ ഒരുസ്വര്‍ണമടക്കം ഒമ്പതുമെഡലായിരുന്നു ഇന്ത്യ നേടിയതെന്നോര്‍ക്കണം. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു എന്നത് വ്യക്തമാണ്.

52 വര്‍ഷങ്ങള്‍ക്കുമുമ്പ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ മില്‍ഖാ സിംഗിന്റെ പിന്‍ഗാമിയെ കണ്ടെത്താനും ദല്‍ഹി ഗെയിംസിനു കഴിഞ്ഞു. അത്‌ലറ്റിക്‌സില്‍ ഹരിയാണയില്‍ നിന്നുള്ള കൃഷ്ണ പുനിയയാണ് ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം എറിഞ്ഞുപിടിച്ചത്. ഈയിനത്തില്‍ വെള്ളിയും വെങ്കലവും ഇന്ത്യക്കായിരുന്നു. വനിതകളുടെ 4*400 മീറ്റര്‍ റിലേയില്‍ മലയാളി താരം സിനിജോസ് അടങ്ങിയ സംഘമാണ് ഇന്ത്യക്കായി പൊന്നണിഞ്ഞത്.

ഗുസ്തിയില്‍ സുശീല്‍ കുമാറും ബാഡ്മിന്റണില്‍ സൈനയും ടെന്നിസില്‍ സോംദേവും ഷൂട്ടിംഗില്‍ ഗഗന്‍ നരംഗും ബിന്ദ്രയും ഓംകാര്‍ സിംഗും വിജയകുമാറും അമ്പെയ്ത്തില്‍ ദോല ബാനര്‍ജിയുമടങ്ങിയ സഖ്യവും ഇന്ത്യക്കായി സ്വര്‍ണവേട്ട നടത്തി. ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് മലയാളി താരങ്ങളുടെ സംഭാവന എത്രത്തോളം വലുതാണെന്ന് ഗെയിംസ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിത്തന്നു.

നിരാശയയി ടെന്നിസും ബോക്‌സിംഗും മരുന്നടിയും

ഗെയിംസില്‍ കളിക്കാനിറങ്ങുന്നതിനു മുമ്പേ ഉറപ്പാക്കിയ ചില മെഡലുകള്‍ നഷ്ടമാകുന്നതിനും ദില്ലി സാക്ഷിയായി. ടെന്നിസില്‍ പെയ്‌സ്-ഭുപതി സഖ്യവും സാനിയ മിര്‍സയും ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. എന്നാല്‍ പെയ്‌സിനും ഭൂപതിക്കും സാനിയക്കും മെഡല്‍ നഷ്ടമായപ്പോള്‍ സ്വര്‍ണം നേടാനുള്ള യോഗം സോംദേവ് ദേവ് വര്‍മനായിരുന്നു. ബോക്‌സിംഗില്‍ എതിരാളികളെ ഇടിച്ചുതകര്‍ത്തായിരുന്നു വിജേന്ദറിന്റെ വരവ്. എന്നാല്‍ സെമി വരെയേ ആ പോരാട്ടം നീണ്ടുള്ളൂ.

ഉത്തേജക വിരുദ്ധഗെയിംസ് എന്ന് സംഘാടകര്‍ വീമ്പടിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു മരുന്നടിയുടെ വാര്‍ത്ത പരന്നത്. വനിതകളുടെ 100 മീറ്റര്‍ ചാമ്പ്യന്‍ നൈജീരിയയുടെ ഓലുഡാമോളയും ഹര്‍ഡില്‍ താരം സാമുവല്‍ ഒകോണും ഫൊലാഷ്ടേ അബുഗാനും നിരോധിത മീതൈല്‍ ഹെക്‌സാനമീന്‍ ഉപയോഗിച്ചതായി തെളിഞ്ഞു. ഒടുവില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ പ്രകടനങ്ങള്‍ക്കു മുകളില്‍ കരിനിഴല്‍ വീഴ്ത്തി റാണി യാദവും പിടിക്കപ്പെട്ടു.

നാടുവിട്ട മണിശങ്കര്‍ അയ്യര്‍ക്ക് തിരിച്ചുവന്ന് ഇനിയും ആരോപണ- ങ്ങളുന്നയിക്കാം

ഉദ്ഘാടനത്തിന്റെ അവസാന നിമിഷംവരെ സുരക്ഷാപ്രശ്‌നവും അഴിമതിയാരോപണങ്ങളും ഉയര്‍ന്നെങ്കിലും പഴുതടച്ച സംഘാടനത്തിലൂടെ അവയെല്ലാം മായ്ക്കാന്‍ സംഘാടക സമിതിക്കായി. ഗെയിംസ് ഗംഭീരമായിക്കഴിഞ്ഞെങ്കിലും അഴിമതിയുടെ ദുര്‍ഭൂതത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഗെയിംസ് കാണാന്‍കഴിയാതെ നാടുവിട്ട മണിശങ്കര്‍ അയ്യര്‍ക്ക് തിരിച്ചുവന്ന് ഇനിയും ആരോപണങ്ങളുന്നയിക്കാം. ആരോപണങ്ങളില്‍ എന്തൊക്കെ നടപടിയെടുക്കുമെന്നും ആരുടെയൊക്കെ തലകള്‍ ഉരുളുമെന്നും കാത്തിരുന്നു കാണേണ്ടിവരും.

Advertisement