ന്യൂദല്‍ഹി: ദല്‍ഹി ലക്ഷ്മി നഗറിലെ ലളിത പാര്‍ക്കില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 66 ആയി ഉയര്‍ന്നു. അഞ്ചു നില കെട്ടിടം രാത്രി ഒമ്പത് മണിയോടെയാണ് തകര്‍ന്നത്. അപകട സമയത്ത് 100 ഓളം പേര്‍ കെട്ടിടത്തിലുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. 80 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷിച്ചവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. പോലീസും രക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചവരില്‍ അധികവും തൊഴിലാളികളാണ്.

പരിക്കേറ്റവരെ ലാല്‍ബഹാദൂര്‍ ശാസ്ത്രി, എല്‍.എന്‍.ജെപി ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. ഇരുപതോളം പേരുടെ നില അതീവ ഗുരുതരമാണ്. ദുരന്തനിവാരണ സേനയിലെ ഇരുന്നൂറോളം അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.

പഴയ കെട്ടിടമാണ് തകര്‍ന്നത്. യമുന നദിയില്‍ ജല നിരപ്പ് ഉയര്‍ന്നത് കാരണം കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. നേരത്തെയും ലക്ഷ്മി നഗറില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണിരുന്നു. ഇഴിടെ സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ പല കെട്ടിടങ്ങളും ബലക്ഷയം സംഭവിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.

കെട്ടിടത്തിന്റെ അടിത്തട്ടില്‍ വെള്ളംകെട്ടിക്കിടന്നതും മരണകാരണമായിട്ടുണ്ടാകാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞു. കനത്ത മൂടല്‍ മഞ്ഞ് കാരണം രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായിരിക്കയാണ്. ധനമന്ത്രി എ കെ വാലിയ സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ അടിത്തറക്ക് ബലക്ഷയം സംഭവിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.