Categories

ദില്ലി സ്‌ഫോടനം: ഇസ്രയേല്‍ സംഘം ഇന്ത്യയില്‍

ന്യൂദല്‍ഹി: ദില്ലി സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഇസ്രയേല്‍ സംഘം ഇന്ത്യയിലെത്തി. അഞ്ചുപേരടങ്ങുന്ന സംഘമാണ് എത്തിയത്. രണ്ടുപേര്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ സംഘമായ മെസാദ് ഉദ്യോഗസ്ഥരാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരെ പട്ടിക ഇസ്രയേല്‍ ഇന്ത്യയ്ക്ക് കൈമാറി.

ഇന്നലെ പ്രധാനമന്ത്രിയുടെ വസതിക്കു സമീപം ഇസ്രയേല്‍ എംബസി വാഹനത്തിലായിരുന്നു സ്‌ഫോടനം നടന്നത്. അപകടത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥ അടക്കം നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു.  അതേസമയം, സ്‌ഫോടനത്തിനു പിന്നില്‍ ഇറാനും ഹിസ്ബുള്ളയുമാണെന്ന് ഇസ്രേയല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. ജോര്‍ജ്ജിയയിലും ദില്ലിയിലുമുണ്ടായത് ഭീകരാക്രമണമാണന്നും നെതന്യാഹു പറഞ്ഞു.

ജോര്‍ജ്ജിയയിലെ ഇസ്രയേല്‍ എംബസിയില്‍ സ്‌ഫോടനം നടത്താനുള്ള പരാജയപ്പെട്ടതിനു പിന്നാലെയാണ് ദല്‍ഹിയിലെ ഇസ്രയേല്‍ എംബസി വാഹനത്തില്‍ സ്‌ഫോടനം ഉണ്ടായത്.  ഇസ്രയേല്‍ എംബസിയുടെ ടൊയോട്ട ഇന്നോവ കാര്‍ പ്രധാനമന്ത്രിയുടെ വസതിക്ക് ഏതാനും മീറ്ററുകള്‍ അകലെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച വാഹനവും അതിന്റെ സമീപമുണ്ടായിരുന്ന മറ്റൊരു വാഹനവും കത്തി നശിച്ചു

കാറില്‍ ബോംബ് വെച്ചത് ബൈക്ക് യാത്രക്കാരാണെന്ന് ദൃസാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.  കാന്തം ഉപയോഗിച്ചാണ് കാറില്‍ ബോംബ് വെച്ചതെന്നും ദല്‍ഹി പോലീസ് കമ്മീഷ്ണര്‍ ബി.കെ ഗുപ്ത വ്യക്തമാക്കി. നേരത്തെ കാറിനെ പിന്തുടര്‍ന്ന രണ്ട് പേര്‍ കാറിലേക്ക് കാന്തം ഘടിപ്പിച്ച ബോംബ് എറിയുകയായിരുന്നെന്നാണ് അനുമാനിക്കുന്നത്. ദല്‍ഹിയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് ലോകത്താകമാനമുള്ള ഇസ്രയേല്‍ എംബസികള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.